2015, ജനുവരി 14, ബുധനാഴ്‌ച

കൃഷിയിടത്തില്‍ വിളയിച്ചെടുക്കുന്ന വാര്‍ത്തകള്‍

പത്രങ്ങളില്‍ വായിക്കുന്നതും ചാനലില്‍ കാണുന്നതുമായ ചില വാര്‍ത്തകളെങ്കിലും നിര്‍മിക്കപ്പെടുന്നതാണ് എന്നു സംശയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. അത്തരം സംശയങ്ങളില്‍ സത്യം ഉണ്ടാകരുതേ എന്നാഗ്രഹിക്കുന്നുവെങ്കിലും അസത്യമാണ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്ത നിരവധി ഉദാഹരണങ്ങളുമുണ്ട്. സാമ്പത്തികമോ, രാഷ്ട്രീയമോ, മത-സാമുദായിക താല്‍പര്യങ്ങളോ ഉള്‍പ്പെടുത്തി കൃത്യമായ അജണ്ടയോടു കൂടി വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്ന കാലമാണിതെന്ന് ചിലപ്പോഴെങ്കിലും വ്യക്തമായിട്ടുണ്ട്. വാര്‍ത്തകള്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര തലത്തില്‍ ഉന്നതരായ കോര്‍പ്പറേറ്റുകളും മാധ്യമ ഭീകരന്മാര്‍ മുതല്‍ ഇങ്ങേയറ്റത്ത് കോളം സെന്റീമീറ്റര്‍ കണക്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകളുടെ പ്രതിഫലം വാങ്ങുന്ന ഏറ്റവും താഴെ തട്ടില്‍ നില്‍ക്കുന്ന പ്രാദേശിക ലേഖകര്‍ വരെ ഒരുപോലെ ഇത്തരം താല്‍പര്യങ്ങളുടെ പ്രതിനിധികളാണ്. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരില്‍ ഇത്തരം കാര്യങ്ങള്‍ പതിവായി നിരീക്ഷിച്ചതില്‍ നിന്ന് വ്യക്തമായ ഒരു കാര്യം ചില മേഖലകളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍, അത് ചെറുതോ വലുതോ ആകട്ടെ ആ വാര്‍ത്തയ്ക്ക് ഒരു സംഘാടക സമിതി ഉണ്ടാകും. വാര്‍ത്ത നിര്‍ബന്ധമായും പത്രസമ്മേളനത്തില്‍ പറഞ്ഞതുമായിരിക്കും. പാരീസിലെ ഭീകരാക്രമണത്തില്‍ തോപ്രാംകുടി പ്രവാസി അസോസിയേഷന്‍ ഞെട്ടല്‍ പ്രകടിപ്പിക്കുന്നത് പത്ര സമ്മേളനത്തില്‍ തന്നെയാകും. അതുറപ്പാണ്. ഇല്ലെങ്കില്‍ ആ വാര്‍ത്തയും ഭീകരാക്രമണത്തിന് വിധേയമാകും.

ഈയിടെ ഒരു വലിയ നാടക സംരംഭം വാര്‍ത്തയാക്കുന്നതു സംബന്ധിച്ച ഒരു ഇ. മെയില്‍ പലരില്‍ നിന്ന് ഫോര്‍വേര്‍ഡ് ചെയ്ത നിലയില്‍ കറങ്ങിത്തിരിഞ്ഞ് എത്തിയത് ഈ ലേഖകന്‍ വായിക്കാനിടയായി. അതില്‍ റിഹേഴ്‌സലിന്റെ തിരക്കു മൂലം സംഘാടകര്‍ക്ക് ലേഖകരെ വേണ്ട തരത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും സദയം ക്ഷമിച്ച് വാര്‍ത്ത നല്‍കണമെന്നുമുള്ള അപേക്ഷയായിരുന്നു. വാര്‍ത്ത ഫോര്‍വേര്‍ഡ് ചെയ്ത ഓരോ ലേഖകനും സംഘാടകര്‍ പത്ര സമ്മേളനം നടത്തൂ എന്നു ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കുന്നതാണ് മെയില്‍ രേഖകളില്‍ കാണാന്‍ കഴിഞ്ഞത്. പത്രസമ്മേളനം നടത്തിയാല്‍ മാത്രമേ വാര്‍ത്ത വായനക്കാരനു ലഭിക്കുകയുള്ളൂ എന്നത് ആശാസ്യമായ ഒന്നല്ല. അറിയാനും അറിയിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെ ഏതോ നിക്ഷിപ്ത താല്‍പര്യത്താല്‍ തടഞ്ഞുവെക്കപ്പെടുകയാണ്. വാര്‍ത്തകള്‍ പ്രസ്‌ക്ലബ്ബുകളെ തേടി വരാന്‍മാത്രമുള്ളതാണോ? അതോ വാര്‍ത്തകളെ തേടി അങ്ങോട്ട് ചെല്ലുന്ന മാധ്യമ സംസ്‌കാരം മണ്‍മറഞ്ഞു പോയോ? 
അടുത്തിടെ റിപ്പോര്‍ട്ടര്‍ ചാനലില്‍ വാര്‍ത്തയ്ക്കിടെ കണ്ട ടി.വി റിപ്പോര്‍ട്ടാണ് ഏറെ ചിരിപ്പിച്ചത്. നവീകരിച്ച പ്രസ് ക്ലബ്ബില്‍ ഉദ്ഘാടന ദിവസം മൂന്ന് പത്ര സമ്മേളനം നടന്നതാണ് മഹാ സംഭവമായി ചാനലില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഈ വാര്‍ത്തയുടെ മൂല്യവും പ്രാധാന്യവും എന്താണെന്നും അത് സംപ്രേഷണം ചെയ്യപ്പെടുന്നതുകൊണ്ട് ജനത്തിന് എന്തു നേട്ടമാണ് ഉണ്ടാവുക എന്നും എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. 
പ്രസ് ക്ലബ്ബുകളില്‍ കൂടുതല്‍ പത്ര സമ്മേളനങ്ങള്‍ നടന്നാല്‍ പ്രസ്‌ക്ലബ്ബിനു വരുമാനം കൂടും എന്നതല്ലാതെ അതില്‍ പ്രേക്ഷകന് എന്താണ് നേട്ടം? അതായത് ഒരു കൃഷിയിടത്തില്‍ നിന്ന് ഒരേ ദിവസം മൂന്നു തവണ വിളവെടുപ്പു നടത്തിയെന്ന ചാരിതാര്‍ഥ്യം വാര്‍ത്തയെഴുത്തു കര്‍ഷകര്‍ക്കു കിട്ടും. നാട്ടുകാര്‍ക്ക് അതില്‍ നിന്ന് ഒരു വിഹിതം കിട്ടുമെങ്കില്‍ അതു വാര്‍ത്തയാണ്. നാട്ടിലെ ജില്ലകള്‍ തോറുമുള്ള പ്രസ് ക്ലബ്ബുകളില്‍ ദിനവും എട്ടും പത്തും വാര്‍ത്താ സമ്മേളനങ്ങള്‍ നടക്കുന്നതുപോലും വാര്‍ത്തയേ അല്ല. വാര്‍ത്ത ഉണ്ടാക്കുന്നത് വാര്‍ത്തയാക്കുന്ന വിഡ്ഢിത്തം ഗള്‍ഫ് നാട്ടില്‍ കാണാനായി. അതും ബുദ്ധിമാന്മാരായ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ വിളയിച്ചെടുത്ത വാര്‍ത്ത. അപ്രതീക്ഷിതമായി ചക്കക്കൂട്ടാന്‍ കിട്ടിയ ആരുടെയൊക്കെയോ കൈയൊപ്പ് ആ റിപ്പോര്‍ട്ടില്‍ പതിഞ്ഞിരുന്നു എന്ന് പ്രേക്ഷകന്‍ ചിന്തിച്ചു പോയാല്‍ തെറ്റു പറയാനാകില്ല.
ഗള്‍ഫ് മേഖല പ്രവാസികളുടെയും തദ്ദേശീയരുടേയും വൈവിധ്യപൂര്‍ണമായ ജീവിതാനുഭങ്ങള്‍ കൊണ്ട് സമൃദ്ധമാണ്. പുറത്ത് വന്നതിനെക്കാളും ഭീകരവും വിസ്മയകരവുമായ എത്രയോ വാര്‍ത്തകള്‍ മരുഭൂമിയിലെ മണല്‍ത്തരികള്‍ പോലെ പരന്നു കിടക്കുന്നു. അറിയപ്പെടാത്ത സത്യങ്ങള്‍.. അറിയപ്പെടേണ്ട സംഭവങ്ങള്‍..വാര്‍ത്തയെഴുത്ത് ഗള്‍ഫില്‍ പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒഴിവു വേളകളിലെ സൈഡ് ബിസിനസ് മാത്രമാണ്. അതിനെ അങ്ങിനെ മാത്രം സമീപിച്ചാല്‍ വാര്‍ത്ത ഉണ്ടാകില്ല. അങ്ങിനെ വരുമ്പോഴാണ് അത് പതിവു പാകത്തില്‍ പ്രസ്‌ക്ലബ്ബിലെ കൃഷിയിടത്തില്‍ വെച്ചു തന്നെ വിളയിച്ചെടുക്കേണ്ടി വരുന്നത്.

4 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

വീകെ പറഞ്ഞു...

ദിവസവും വാർത്ത ഉണ്ടാക്കിയില്ലെങ്കിൽ ശമ്പളം കിട്ടാതെ വന്നാലോന്ന് പേടിച്ചാവും ഇത്തരം വാർത്തകൾ വിളയിച്ചെടുക്കുന്നത്. ഇങ്ങനെയാവുമ്പോൾ ശമ്പളം മാത്രമല്ല കിമ്പളവും പിന്നെ പൂര ശാപ്പാടും ഉറപ്പല്ലെ.

Cv Thankappan പറഞ്ഞു...

വിളയിച്ചെടുക്കുന്ന വാര്‍ത്താവിശേഷങ്ങള്‍...!!!
ആശംസകള്‍

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

വിളയിച്ചെടുക്കുന്ന വാര്‍ത്താവിശേഷങ്ങള്‍..

ബിലാത്തിപട്ടണം Muralee Mukundan പറഞ്ഞു...

അപ്പോൾ പല വാർത്തകളും
ഇങ്ങനെ പ്രസ്സ് ക്ലബ്ബുകളിലെ കൃഷിയിടത്തില്‍
വെച്ചു തന്നെ വിളയിച്ചെടുക്കുന്ന ആധുനിക വാർത്താ കൃഷിയാണെല്ലേ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍