2015, ഫെബ്രുവരി 11, ബുധനാഴ്‌ച

സക്കറിയയ്ക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട സക്കറിയയ്ക്ക്,

കൊക്കെയ്ന്‍ കേസില്‍ മാധ്യമങ്ങളും പോലീസും കൂടി വേട്ടയാടുന്ന നിഷ്‌കളങ്കരും ജീവിതം എന്തെന്നറിയാത്തവരുമായ ചെറുപ്പക്കാരന്റെയും രണ്ടു പെണ്‍കുട്ടികളുടെയും വേദനകളെക്കുറിച്ച് അങ്ങ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് വായിച്ചു. ഈ കേസില്‍ അവര്‍ കുറ്റക്കാരാണോ എന്ന് നിശ്ചയമില്ലാത്തതിനാല്‍ അവരെ കുറ്റപ്പെടുത്താനോ സംശയകരമായ സാഹചര്യത്തില്‍ കൊക്കെയ്ന്‍ പോലുള്ള മയക്കുമരുന്നുമായി പോലീസ് അറസ്റ്റുചെയ്തതിനാല്‍ അവരെ ന്യായീകരിക്കാനോ ഞാന്‍ ഒരുക്കമല്ല. കഞ്ചാവ് പോലുള്ള മയക്കുമരുന്നുകള്‍ ബൗദ്ധിക നിലവാരത്തെയും കലാപ്രവര്‍ത്തനങ്ങളെയും ഉത്തേജിപ്പിക്കും എന്നത് കേട്ടിട്ടുണ്ട്. മുമ്പ് അങ്ങയെയും എം. മുകുന്ദനെയും, ഒ.വി. വിജയനെയും പോലുള്ള ആധുനിക എഴുത്തുകാരുടെ കഥകള്‍ വായിച്ച ചെറുപ്പക്കാര്‍ വഴിതെറ്റിപോകുതായി അപൂര്‍വ്വം ചില യാഥാസ്ഥിതിക മനസ്‌കരെങ്കിലും ആശങ്ക പൂണ്ടിരുന്നത് എനിക്കോര്‍മ്മയുണ്ട്. ഇന്നത് ന്യൂജനറേഷന്‍കാരുടെ സിനിമ കണ്ട് എന്ന് എന്ന് തിരുത്തിപ്പറയുന്നുമുണ്ട്. ഒരൗഷധം കൂടിയായ കഞ്ചാവ് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്ന തരത്തില്‍ സ്വന്തം അമ്മൂമ്മയുടെ കാര്യം ഉദ്ധരിച്ചുകൊണ്ട് അങ്ങ് സമര്‍ഥിക്കുന്നുണ്ട്. അത് ശരിയായിരിക്കാം. താങ്കളെയോ ഇപ്പോള്‍ പിടിയിലായ ചെറുപ്പക്കാരെയോ അല്ലെങ്കില്‍ അമ്മാതിരിയുള്ള പ്രതിഭാശാലികളെയോ സംബന്ധിച്ച് ഏതെങ്കിലും അളവിലുള്ള കഞ്ചാവുപോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം അവരിലെ പ്രതിഭയെയോ കലാപ്രവര്‍ത്തനങ്ങളെയോ ഉണര്‍ത്തുകയും പരിപോഷിപ്പിക്കുകയും തദ്വാരാ ഉല്‍കൃഷ്ടമായ രചനകളോ സിനിമകളോ മറ്റു കലാസൃഷ്ടികളോ പിറവിയെടുക്കുമായിരിക്കും.
സമൂഹത്തിലെ ന്യൂനപക്ഷമായ കലാകാരന്മാര്‍ക്കു ഇതെല്ലാം ഗുണംചെയ്യുമെങ്കിലും ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ളവരുടെ കാര്യത്തില്‍ ഇതു ശരിയാണ് എന്ന് എനിക്കഭിപ്രായമില്ല. പ്ലസ് ടു വിദ്യാര്‍ഥിയായ ഒരുമകന്റെ പിതാവാണ് ഞാന്‍. സ്‌കൂള്‍കുട്ടികള്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ഞെട്ടിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ എനിക്ക് നേരിട്ടും അല്ലാതെയും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പഠനം ഉഴപ്പി വഴിതെറ്റി പോയ ഒട്ടേറെ കുട്ടികളുടെ മാതാപിതാക്കളുടെ കണ്ണീര്‍ കാണേണ്ടി വന്നിട്ടുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ മുതല്‍ സിറിഞ്ചും. ഗുളികയും കഞ്ചാവും ഉപയോഗിച്ച് സ്‌കൂളില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നിരവധി കുട്ടികളെക്കുറിച്ച് അധ്യാപകര്‍ക്ക് പറയാനുണ്ട്. ആദ്യമാദ്യം ഒളിച്ചു ചെയ്യുന്ന ഈ ദുഃശീലം പിന്നെ ആരെയും കൂസാതെ പരസ്യമായി ചെയ്യുന്ന ഒരു സംഘം കുട്ടികളെക്കുറിച്ച് എനിക്കറിയാം. അവരൊക്കെ ഇത് മനഃപൂര്‍വ്വം ചെയ്യുന്നതാണെന്ന് അഭിപ്രായമില്ല. പല പ്രേരണകള്‍കൊണ്ടും സാമൂഹിക സാഹചര്യങ്ങള്‍ കൊണ്ടും ചെയ്തു പോകുന്നതാണ്. വീടുകളിലെ സ്ഥിതിയും ജീവിത സാഹചര്യവും ഉള്‍പ്പെടെ കാരണങ്ങള്‍ നിരവധിയാണ്. പക്ഷെ ബോധ പൂര്‍വ്വം കുട്ടികളെ ഈ വിപത്തിലേക്കു വലിച്ചിഴക്കുന്ന, സാമ്പത്തിക-ക്രിമിനല്‍ താല്പര്യമുള്ള മാഫിയാകളുടെ സാന്നിധ്യം നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. ഷൈന്‍ ചാക്കോയെപോലെ 'ജീവിതമറിയാത്ത കുട്ടികള്‍ക്ക്' ഈ ലഹരി എത്തിച്ചു കൊടുക്കുന്നവരാണ് ആ ശക്തികളെന്ന് പ്രത്യേകം പറയേണ്ടല്ലോ.

ലഹരിക്കടിമപ്പെട്ട് മോഷണം തൊഴിലാക്കിയ കുട്ടികള്‍, വീട്ടില്‍ നിന്ന് പണം കിട്ടാതെ വരുമ്പോള്‍ പുറത്തേക്കു മോഷണം വ്യാപിപ്പിക്കുന്നവര്‍, ലഹരിക്കും ആഢംബര ജീവിതത്തിനുമുള്ള പണത്തിനായി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിരപരാധികളെ വെട്ടിയും കുത്തിയും കൊല്ലുന്നവര്‍ ..ഇങ്ങനെ എത്രയെത്ര സംഭവങ്ങളാണ് നാം ദിനവും പത്രങ്ങളില്‍ വായിക്കുന്നത്. കഴിഞ്ഞ മാസമാണ് കണ്ണൂരില്‍ മയക്കുമരുന്നിന് അടിമപ്പെട്ട മകന്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തിയ സംഭവം നടന്നത്. തൃശൂരില്‍ നിന്നും സമാന വാര്‍ത്ത വന്നു. നിരവധി ബൈക്കു മോഷണങ്ങളുടെ അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് മയക്കുമരുന്നിന് അടിമകളായ ഒരു കൂട്ടം  പ്ലസ്ടു വിദ്യാര്‍ഥികളിലാണ്. കേരളത്തില്‍ പലയിടങ്ങളില്‍ നിന്നും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അകമ്പടിയോടു കൂടി നടന്ന അക്രമ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇത് കൊട്ടത്താപ്പ് കണക്കല്ല. ഇത്തരം വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിരത്തുമ്പോള്‍ ഞാന്‍ എന്റെ മകന്റെ മുഖമാണ് ഓര്‍മ്മിക്കുന്നത്. അവനെപോലുള്ള കുട്ടികളും എന്നെ പോലുള്ള മാതാപിതാക്കളുമാണ് ഇത്തരം സംഭവങ്ങളുടെ ഇരകള്‍ എന്നോര്‍ക്കുമ്പോള്‍ മനസ് നുറുങ്ങിപ്പോവുകയാണ്. എന്റെ മകന്‍ എന്നോടാണ് ഇത് ചെയ്യുന്നതെങ്കില്‍..അങ്ങയെപോലുള്ളവരുടെ മക്കള്‍ മയക്കുമരുന്നിനോ മദ്യത്തിനോ അടിമകളായി ആക്രമിക്കുകയോ സൈ്വര്യജീവിതത്തിന് ഭീഷണി ആവുകയോ പോലീസ് കേസുകളില്‍ അകപ്പെടുകയോ ചെയ്താല്‍ എന്തു മാത്രം വിഷമിക്കേണ്ടി വരും എന്നാലോചിച്ചു നോക്കൂ.

ഇതൊരു അയഥാര്‍ഥ വസ്തുതാവിവരണമോ കെട്ടുകഥയോ എന്റെ ആശങ്കയെ സമര്‍ഥിക്കാന്‍ നിരത്തുന്ന വിടു വാദങ്ങളോ അല്ലെന്ന് ദയവായി മനസിലാക്കുക. ഇത്തരം സംഭവങ്ങളില്‍ ഇരകളായി മാറിയവര്‍, അവരെ ലഹരി വിമുക്ത ചികിത്സക്കു വിധേയമാക്കുന്ന ഡോക്ടര്‍മാര്‍, കൗണ്‍സലര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, അഭിഭാഷകര്‍, ലഹരിവിരുദ്ധ സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി ആളുകളുമായി ആശയവിനിമയം നടത്തിയ അനുഭവം കൂടി ഇതു പറയാന്‍ എനിക്കു ബലം നല്‍കുന്നുണ്ട്.

ഷൈന്‍ ചാക്കോയെ പോലുള്ള സിനിമാ കലാകാരന്മാര്‍ക്കോ ബുദ്ധിജീവികള്‍ക്കോ വേണ്ടി അങ്ങ് ഇത്രമാത്രം വേദനിക്കുന്നുണ്ടെങ്കില്‍ ബുദ്ധി സാമര്‍ഥ്യമോ, തിണ്ണമിടുക്കോ, പണക്കൊഴുപ്പോ, വിദ്യാഭ്യാസമോ, വിവരമോ, ആള്‍ബലമോ, ഉപദേശികളോ ഇല്ലാത്ത ലക്ഷക്കണക്കിനു വരുന്ന വെറും സാധാരണക്കാരന്റെ  എല്ലാമെല്ലാമായ അവസാനത്തെ പ്രതീക്ഷയായ മക്കള്‍ വഴിതെറ്റിപോകുമോ എന്ന ആശങ്ക, വഴിതെറ്റിപോയാല്‍ അനുഭവിക്കുന്ന ഹൃദയവേദനയുടെ ആഴം, അതെത്ര മാത്രമുണ്ടാകുമെന്ന് അങ്ങയെപോലൊരാള്‍ക്ക് ഊഹിക്കാന്‍ കഴിയുമല്ലോ.

വലിയ വലിയ ജീവിതങ്ങളുടെ കാര്യം ചിന്തിക്കണമെന്നില്ല. കൂലിപ്പണിയെടുത്തും കഷ്ടപ്പെട്ടും അരിഷ്ടിച്ച് ജീവിക്കുകയും മക്കളെ വളര്‍ത്തി വിദ്യാഭ്യാസം ചെയ്യിച്ച് അവരിലൂടെ എന്നെങ്കിലും ഒരു നല്ലകാലം വരുമെന്നു പ്രതീക്ഷിക്കുന്ന എത്രയോ സാധാരണക്കാരുടെ മക്കളുടെ കാര്യവും കൂടി നമ്മള്‍ ഒന്നോര്‍ക്കണം സര്‍.

മയക്കുമരുന്നിന് അടിമയായി അക്രമങ്ങള്‍ നടത്തി ജയിലില്‍ പോയ മകനെ രക്ഷിക്കൂ എന്ന് കേരളത്തിലെ ആഭ്യന്തര മന്ത്രിയുടെ മുന്നില്‍ നിന്ന് കരഞ്ഞു പറയുന്ന ഒരമ്മയെ ഞാന്‍ മാസങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ വെച്ച് കണ്ടിരുന്നു. വഴിതെറ്റിപ്പോയ മക്കള്‍ മൂലം ദുരിതം പേറി ജീവിക്കുന്ന ആയിരക്കണക്കിന് അമ്മമാരുടെ പ്രതിനിധിയാണവര്‍. കേരളത്തില്‍ കൊച്ചിയിലടക്കം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടന്ന മയക്കുമരുന്നു-കഞ്ചാവ് വേട്ടയിലും, അക്രമ-മോഷണ സംഭവങ്ങളിലും അറസ്റ്റു ചെയ്യപ്പെടുകയും നിയമ നടപടി നേരിടുകയും ചെയ്യുന്നവരില്‍ ഭൂരിഭാഗവും 17 നും 25 നും ഇടയില്‍ പ്രായമുള്ള കുട്ടികളും യുവാക്കളുമാണ്. പിടിക്കപ്പെടുന്ന ദിനത്തില്‍ ഇവരെക്കുറിച്ച് ഒരു വാര്‍ത്ത കൊടുക്കും എന്നല്ലാതെ അതൊന്നും മാധ്യമങ്ങള്‍ ആഘോഷിക്കാറില്ല. സിനിമക്കാരെ പോലുള്ള സെലിബ്രിറ്റികളാകുമ്പോള്‍ വാര്‍ത്തകള്‍ കൂടുതലായി വരുന്നത് സ്വാഭാവികവുമാണ്. സിനിമ അത്രയേറെ ജനസ്വാധീനമുള്ള കലാരൂപമാണല്ലോ. സാഹിത്യവും സിനിമയും രാഷ്ട്രീയവുമൊക്കെ എല്ലാക്കാലത്തും ജനങ്ങളെ  വിശിഷ്യാ ചെറുപ്പക്കാരെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്യില്ലേ സര്‍.
അബ്കാരികളെയോ മയക്കുമരുന്ന് മാഫിയയെയോ കള്ളക്കടത്തുകാരെയോ നായക സ്ഥാനത്തു പ്രതിഷ്ഠിച്ച് മികച്ച തിരക്കഥയോടെ കലാപരമായി ദൃശ്യവല്‍ക്കരിച്ചാല്‍ അതൊരു മഹത്തായ കലാരൂപമാകും എന്നതില്‍ തര്‍ക്കമില്ല. വലിയ പുരസ്‌കാരങ്ങളും ലഭിച്ചേക്കാം. പക്ഷെ ആ സിനിമയോ കലാരൂപമോ വളര്‍ന്നുവരുന്ന, ജീവിതത്തിലെ ചതിക്കുഴികളെന്തെന്ന് ഇനിയും തിരിച്ചറിയാന്‍ പാകപ്പെട്ടിട്ടില്ലാത്ത യുവ തലമുറയ്ക്കു നല്‍കുന്ന സന്ദേശം എത്ര മഹത്തരമായിരിക്കും? ഈ കലാസൃഷ്ടികള്‍ സമൂഹത്തോടു പുലര്‍ത്തുന്ന ഉത്തരവാദിത്വം എന്തായിരിക്കും? സാധാരണക്കാരന്റെ പ്രതിനിധി എന്ന നിലയില്‍ അറിയാന്‍ താല്‍പര്യമുണ്ട് സര്‍.
തമാശയ്ക്കു തുടങ്ങിവെച്ച ചെറിയ ചെറിയ ലഹരികള്‍ മതിയാകാതെ വന്നപ്പോള്‍ കഞ്ചാവും, ഹഷീഷും, ഗുളികയും സിറിഞ്ചും കടന്ന് വിഷപ്പാമ്പിനെക്കൊണ്ടു കൊത്തിച്ചു വരെ അധിക ലഹരി തേടിയ 19 കാരനായ മലയാളിപ്പയ്യന്റെ ഭയപ്പെടുത്തുന്ന ലഹരിജീവിതം പത്രത്താളുകളില്‍ നിറഞ്ഞിട്ട് അധിക കാലമായിട്ടില്ല. ലഹരിനുണഞ്ഞ് അവന്‍ നടത്തിയ ഉത്തമ കലാസൃഷ്ടികളെ നിയമം കുറ്റകൃത്യങ്ങളായി പരിഭാഷപ്പെടുത്തിയപ്പോള്‍ ജയില്‍മുറിയിലാണ്് ആ യാത്ര അവസാനിച്ചത്. അത്തരം മാധ്യമ മുന്നറിയിപ്പുകളാണ് ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സ്വന്തം മക്കളുടെ പോക്ക് എങ്ങോട്ടാണെന്ന് ചങ്കിടിപ്പോടെ ഒന്നു തിരിഞ്ഞു നോക്കാന്‍ ഒട്ടനവധി മാതാപിതാക്കള്‍ക്ക് പ്രേരണയായത്.
താങ്കള്‍ പറഞ്ഞതു പോലെ സ്വന്തം സ്വകാര്യ ഇടങ്ങളില്‍ ഇരുന്നു കള്ളോ കഞ്ചാവോ സേവിക്കുന്നവരെ സദാചാരമോ നിയമപ്രശ്‌നമോ പറഞ്ഞ് ആരും ഉപദ്രവിക്കണം എന്നഭിപ്രായമില്ല. എന്നാല്‍ സ്വകാര്യ ഇടങ്ങളില്‍ ഇരുന്നു മയക്കുമരുന്ന് സേവനടത്തി കുന്തം മറിഞ്ഞ് അവിടെ നിന്ന് നൂല്‍ബന്ധമില്ലാതെ പൊതുജനങ്ങള്‍ക്കു കൂടി അവകാശപ്പെട്ട സ്ഥലങ്ങളിലെത്തി മര്യാദയ്ക്കു ജീവിക്കുന്ന കുടുംബിനികളെ കയറിപ്പിടിച്ച ഒരു ന്യൂജനറേഷന്‍ തിരക്കഥാകൃത്തിനെ മാനഭംഗശ്രമത്തിനിരയായ സ്ത്രീയുടെ പരാതി പ്രകാരം പോലീസ് പിടിച്ചതും ഈയിടെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. നൂല്‍ബന്ധമില്ലാത്ത നിലയില്‍ പമ്പരം ചുറ്റുന്ന ഈ വിദ്വാനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പറഞ്ഞത് 'തെറ്റു പറ്റിപ്പോയി ക്ഷമിക്കണം' എന്നല്ല. മറിച്ച് ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതുചെയ്തതെന്നാണ്. ഇതാണോ കഞ്ചാവിനാല്‍ ഉദ്ധീപിപ്പിക്കപ്പെടുന്ന കലാപ്രവര്‍ത്തനം? വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന ഏക സാംസ്‌കാരിക പ്രവര്‍ത്തനം മദ്യപാനമാണ് എന്ന് അങ്ങയെപോലെ പ്രതിഭാ ധനനായ എരെഴുത്തുകാരന്‍ തന്നെയാണ് അഭിപ്രായപ്പെട്ടത്. മദ്യത്തിന്റെ സാമൂഹിക സ്വാധീനം എത്രമേല്‍ മലയാളി സമൂഹത്തെ വരിഞ്ഞുമുറുക്കിയെന്നു തെളിയിക്കാന്‍ ഇതില്‍ പരം ഉദാഹരണം വേണോ? മദ്യം നിയമ പരമായി ലഭിക്കുന്ന നാട്ടില്‍ അങ്ങ് നിര്‍ദ്ദേശിക്കുന്നതുപോലെ മയക്കു മരുന്നുകൂടി നിയമപരമാക്കിയാല്‍ എന്താകും സ്ഥിതി?
മദ്യം നിയമപരമാക്കിയപ്പോള്‍ ഉപഭോഗം കുറഞ്ഞു എന്ന വാദം പൊള്ളയാണ്. ആളോഹരി മദ്യ ഉപയോഗത്തില്‍ മലയാളി ഒന്നാമതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മദ്യ വില്‍പന വഴി ബിവറേജസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം നേടിയത് 6519 കോടി രൂപയാണ്. സംസ്ഥാനം നേടുന്ന ആകെ വരുമാനത്തിന്റെ അഞ്ചില്‍ ഒന്ന് തുകയാണിത്.  പ്രതിവര്‍ഷം കേരളത്തിലെ ഓരോ വ്യക്തിയും ശരാശരി 8.3 ലിറ്റര്‍ മദ്യം അകത്താക്കുന്നുവെന്നാണ് 'അസോച്ചം' പോലുള്ള ഏജന്‍സികള്‍ കണക്കാക്കിയിരിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനകം കേരളത്തിലെ മദ്യപാന ശീലം 30ശതമാനം എങ്കിലും വര്‍ധിക്കും എന്നും പഠനങ്ങള്‍ പറയുന്നു. കേരളത്തിലെ മെച്ചപ്പെട്ട വേതന നിരക്ക് മദ്യപാന ശീലം വളര്‍ത്താനുള്ള പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നു. സ്ത്രീകള്‍ക്കും വരുമാനം ലഭിക്കുന്ന സാഹചര്യം ഉണ്ടായതോടെ പുരുഷന്മാര്‍ കൂടുതല്‍ മദ്യപാന ആസക്തി പ്രകടിപ്പിച്ചു തുടങ്ങിയെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
കുടുംബശ്രീ പോലുള്ള പദ്ധതികളും മറ്റു തൊഴില്‍ അവസരങ്ങളും കൂടിയത് സാധാരണ കുടുംബങ്ങളിലെ പുരുഷന്‍മാരുടെ മദ്യപാന ആസക്തി വര്‍ധിക്കാന്‍ ഇടയായി. കുറഞ്ഞ ദിവസ കൂലി 500 രൂപ ആയി ഉയര്‍ന്നപ്പോള്‍ അതില്‍ നിന്ന് 200-300 രൂപ വരെ മദ്യത്തിനായി ചിലവഴിക്കുന്നതാണ് സാധാരണ തൊഴിലാളികളുടെ ശീലം. മദ്യപിക്കുന്നതിന്റെ അളവിലും ഈ അസാധാരണത്വം പ്രകടമാണ്. 360 മില്ലി മദ്യം ഏകദേശം ഒരു മണിക്കൂര്‍ സമയം കൊണ്ട് അകത്താക്കുന്നതാണ് ശരാശരി കേരളീയ മദ്യപാനിയുടെ ശീലം.
ലഹരിയുടെ ഉപയോഗം വര്‍ധിച്ചതോടെ സൂഹത്തിന്റെയു കുടുംബ ബന്ധങ്ങളുടെയും മാനസിക നിലയും ധാര്‍മികതയും അപകടകരമാം വിധം തകരാറിലായി എന്നതിന്റെ തെളിവാണ് വീടിനകത്തും പുറത്തും ഒരേപോലെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍.
ലോകസഞ്ചാരം നടത്തിയിട്ടുള്ള അങ്ങേയ്ക്ക്  പൗരസ്ത്യ പാശ്ചാത്യ നാടുകളിലെ ആധുനിക സാമൂഹിക ക്രമങ്ങളെക്കുറിച്ചും അവരുടെ ലഹരിപടര്‍ത്തുന്ന വിഭ്രമാത്മകമായ ജീവിതരീതികളെക്കുറിച്ചും വാചാലനാകാന്‍ കഴിയുമായിരിക്കും. പക്ഷെ സ്വന്തം കുടുംബ ബന്ധങ്ങളും കുഞ്ഞുമക്കളും അവരെക്കുറിച്ചുള്ള പ്രതീക്ഷകളും അവരുമൊത്തുള്ള സമാധാന ജീവിതവും മാത്രം സ്വപ്‌നം കണ്ടു ജീവിക്കുന്ന ചെറിയ മനുഷ്യരുടെ ലോകം അങ്ങു നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള ആധുനിക സാംസ്‌കാരിക അനുശീലനം കടന്നുവരുവാന്‍ പാകത്തില്‍ അത്ര വിസ്തൃതമല്ല സര്‍.

ഒരു സാധാരണകാര്യമായി ഈ നിര്‍ദ്ദേശം ഏറ്റെടുക്കാന്‍ അന്നന്നത്തേക്കുള്ള അപ്പം നേടാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരായ ബഹുഭൂരിപക്ഷം പേര്‍ക്ക് എങ്ങിനെ കഴിയും? അത്രമേല്‍ വിപ്ലവകരമായ ആധുനികത്വം പേറാന്‍ മലയാളികളുടെ മനസ്സ് പാകപ്പെട്ടെന്നാണോ അങ്ങ് ചിന്തിക്കുന്നത്?

5 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

ഫൈസല്‍ ബാബു പറഞ്ഞു...

ലഹരി വിരുദ്ധ പോരാട്ടത്തിനു എല്ലാ പിന്തുണയും ....പോരാട്ടം വിജയം കാണട്ടെ !!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ലഹരിയുടെ ഉപയോഗം വര്‍ധിച്ചതോടെ സൂഹത്തിന്റെയു കുടുംബ ബന്ധങ്ങളുടെയും മാനസിക നിലയും ധാര്‍മികതയും അപകടകരമാം വിധം തകരാറിലായി എന്നതിന്റെ തെളിവാണ് വീടിനകത്തും പുറത്തും ഒരേപോലെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍.

ajith പറഞ്ഞു...

മാരകവിപത്തിനെ എന്തുകാരണത്താലായാലും ന്യായീകരിക്കുന്നവര്‍ മറ്റൊരു മാരകവിപത്താണ്

Cv Thankappan പറഞ്ഞു...

സമൂഹനന്മ ലക്ഷ്യമാക്കി ലഹരിവിരുദ്ധപോരാട്ടം തുടരുകതന്നെ ചെയ്യണം.
പണവും,ആഢംബരവസ്തുക്കളും മോഹിച്ച് കൊച്ചുകുട്ടികള്‍പോലും ഇതിന്‍റെ മാസ്മരിക വലയത്തില്‍ അകപ്പെട്ടുപോയികൊണ്ടിരിക്കുകയാണ്.......
ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍