2015, ഏപ്രിൽ 16, വ്യാഴാഴ്‌ച

വാര്‍ത്തകള്‍ ഉണ്ടാകുന്നത്..

(നൂറാമത്തെ പോസ്റ്റ്‌)

രമേശ് അരൂര്‍

ലോകം മാനവരാശിയുടെ വേഗവിരല്‍ തുമ്പില്‍ ചുറ്റിക്കറങ്ങുന്ന വിധം ശാസ്ത്രംവും വിവരസാങ്കേതിക വിദ്യയും വാര്‍ത്താവിനിമയ സംവിധാനങ്ങളും പുരോഗതി പ്രാപിച്ച കാലമാണിത്. മാധ്യമപ്രവര്‍ത്തനത്തിലും ഈ വേഗതയും കുതിച്ചുചാട്ടവും കാണാന്‍ കഴിയും. പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പമോ ചിലസന്ദര്‍ഭങ്ങളിലെങ്കിലും അവയെ പിന്നിലാക്കിയോ സാമൂഹിക മാധ്യമങ്ങളും ഇന്ന് വാര്‍ത്തകളുടെ ശ്രോതസും ഉണര്‍വ്വും ഒഴുക്കും പ്രദാനം ചെയ്യുന്നു. മുന്‍കാലങ്ങളില്‍ ലോക വാര്‍ത്തകള്‍ക്കായി മാധ്യമങ്ങള്‍ ഏജന്‍സികളെയും സാധാരണ ജനങ്ങള്‍ പരമ്പരാഗത മാധ്യമങ്ങളെയും മാത്രം ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു. കമ്പ്യൂട്ടറും, ഇന്റര്‍നെറ്റും അടക്കമുള്ള ആധുനിക വിവരസാങ്കേതിക വിദ്യകള്‍ വാര്‍ത്താ വിനിമയ-വിതരരണ രംഗത്തു സൃഷ്ടിച്ച വിപ്ലവം നൂറ്റാണ്ടുകളിലൂടെ വികാസം പ്രാപിച്ച അച്ചടിയുടെ ചരിത്രത്തില്‍ അതുവരെയുണ്ടാകാത്ത വിധം അ
ത്ഭുതകരമായ വളര്‍ച്ചയ്ക്കും വികാസ പരിണാമങ്ങള്‍ക്കും വഴിയൊരുക്കി. പണ്ടത്തെ സാങ്കേതിക വിദ്യയില്‍ മാധ്യമ വളര്‍ച്ചയുണ്ടായത് ഇഴഞ്ഞും വലിഞ്ഞുമാണ് എങ്കില്‍ പുതിയ കാലത്ത് പ്രകാശവേഗത്തില്‍ കുതിക്കുകയാണ് എന്നു പറയേണ്ടിവരും. എന്നാല്‍ ഈ കുതിപ്പിനൊപ്പം പുതിയകാലത്തെ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. സാങ്കേതിക വിദ്യയെ സമര്‍ഥമായി ഉപയോഗിക്കുന്നതിനൊപ്പം വാര്‍ത്തകള്‍ എല്ലായോപ്പോഴു ആവശ്യപ്പെടുന്ന സത്യസന്ധതയും അവതരണത്തിലെ യാഥാര്‍ഥ്യവും ചോര്‍ന്നു പാകാതിരിക്കാനുള്ള ജാഗ്രത കൂടി പാലിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്. 15-20 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഒരു വാര്‍ത്ത ജനങ്ങളില്‍ എത്തുന്നത് നിരവധി പ്രതിസന്ധികളും പ്രക്രിയകളും കടന്നും ഒട്ടേറെ സമയം അപഹരിച്ചുമായിരുന്നു. കാസര്‍കോട്ടോ പാറാലയിലോ നടന്ന ഒരു ചരമ വാര്‍ത്തയോ അപകടമോ പോലും വിശദമായി ജനം അറിയാന്‍ ദിവസങ്ങള്‍ വേണ്ടിവരുമായിരുന്നു. ഒരു ഫോട്ടോ പത്രത്തില്‍ വരാന്‍ തന്നെ ഫോട്ടോ എടുപ്പ്, ഫിലിം സംസ്‌കരണം, പ്രിന്റ് എടുക്കല്‍, ബ്ലോക്ക് എടുക്കല്‍ എന്നിങ്ങനെ ഒരുപാടു സമയം വേണ്ടിവരുന്ന ധാരാളം പ്രക്രിയകള്‍..ഇന്ന് ഒരു ചിത്രം അത് അമേരിക്കയില്‍ ഒരാള്‍ മൊബൈല്‍ ഫോണിലോ, ഡിജിറ്റല്‍ ക്യാമറയിലോ എടുക്കുന്നതായാല്‍ പോലും നിമിഷങ്ങള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏതുമൂലയില്‍ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടറിലോ, മൊബൈല്‍ ഫോണിലോ, എത്തുന്നതിനു പ്രയാസമില്ല. അത്രമേല്‍, സുതാര്യവും വേഗതയും ഉണ്ടായിട്ടുപോലും വാര്‍ത്തകളുടെയോ വാര്‍ത്താ ചിത്രങ്ങളുടെയോ അപനിര്‍മ്മിതി നടക്കും വിധം മാധ്യമരംഗം മാറി എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇരുപതുകൊല്ലം മുമ്പത്തെ ഒരു നാട്ടുവാര്‍ത്ത മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് ജനങ്ങളില്‍ എത്തിയാല്‍ പോലും ആ വാര്‍ത്തയില്‍ ജീവന്‍തുടിക്കുന്ന ഒരു സത്യസന്ധത ഉണ്ടാകുമായിരുന്നു. എന്നാല്‍ നിമിഷാര്‍ദ്ധത്തിനുള്ളില്‍ വരുന്ന ജീവന്‍ തുടിക്കുന്ന വാര്‍ത്തകളിലാകട്ടെ പലപ്പോഴും സത്യവും യാഥാര്‍ഥ്യവും മരിച്ചുമരവിച്ചു കിടക്കുന്നതാവും കാണാന്‍ കഴിയുക. ഇന്നത്തെ വാര്‍ത്തകള്‍ പലപ്പോഴും വാര്‍ത്താ പ്രചാരകരുടെ അജണ്ടകളും താല്പര്യങ്ങളും കുത്തിനിറച്ചു ന്യൂസ് റൂമുകളില്‍ നിര്‍മ്മിക്കുന്നതാണ് എന്നു പറയേണ്ടി വരും. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വളര്‍ന്നുവന്നതിനൊപ്പം വളര്‍ന്ന ഒരു വാര്‍ത്താശാഖയാണ് ഡെസ്‌ക് ടോപ്പ് ജേര്‍ണലിസവും. വാര്‍ത്തകള്‍ അതു സംഭവിക്കുന്ന സ്ഥലങ്ങളില്‍ നിന്നു കണ്ടെത്തുകയോ തേടിയെടുക്കുകയോ ചെയ്യുന്നതിനു പകരം കേള്‍ക്കുന്നതോ സംഭവിക്കാന്‍ സാധ്യതയുള്ളതോ ആയ ഊഹാപോഹങ്ങളെ യാഥാര്‍ഥ്യത്തിന്റെ ഉടുപ്പണിയിച്ച് നിര്‍മ്മിച്ചെടുക്കുന്ന രീതി. വാര്‍ത്തകള്‍ യഥാതഥ വിവരണമാകണമെന്നും അത് സത്യസന്ധമായി അറിയേണ്ടത് ജനങ്ങളുടെ അവകാശമാണ് എന്നതും വിസ്മരിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ തനിക്കിഷ്ടമുള്ളതു മാത്രം ജനങ്ങളെ അറിയിക്കാന്‍ ശ്രമിക്കുന്നിടത്താണ് മാധ്യമപ്രവര്‍ത്തനം വഴിതെറ്റുന്നത്. യെമനിലെ ആഭ്യന്തര സംഘര്‍ഷം ദുബായില്‍ നിന്നോ സൗദി അറേബ്യയിലെയോ സുരക്ഷിത കേന്ദ്രങ്ങളില്‍ ഇരുന്നു എക്‌സ്‌ക്ലൂസീവായി റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍ അതില്‍ എത്രമാത്രം യാഥാര്‍ഥ്യം ഉണ്ടാകും, എത്രമാത്രം അര്‍ഥസത്യമോ അസത്യമോ ഉണ്ടാകും എന്നു എങ്ങിനെ നിര്‍ണയിക്കാന്‍ കഴിയും. ഗള്‍ഫ് മേഖലയിലെ മലയാള മാധ്യമപ്രവര്‍ത്തനം ഏതാണ്ട് ഇപ്രകാരമാണ് പുരോഗമിക്കുന്നതെന്ന് കാണാന്‍ കഴിയും. കേരളത്തിലെ ന്യൂസ് റൂമുകളിലേക്ക് ഗള്‍ഫ്‌മേഖലയില്‍ നിന്ന് എത്തുന്നതും ചാനലുകള്‍ എക്‌സ്‌ക്ലൂസീവ് എന്നമട്ടില്‍ സംപ്രേഷണംചെയ്യുന്നതുമായ വാര്‍ത്തകള്‍ക്ക് എത്രമാത്രം പഴക്കമുണ്ടെന്ന് അതു കേള്‍ക്കുന്ന പ്രവാസികള്‍ക്കുമാത്രമേ അറിയാന്‍ കഴിയൂ.
പത്രങ്ങളില്‍ വായിക്കുന്നതും ചാനലില്‍ കാണുന്നതുമായ ചില വാര്‍ത്തകളെങ്കിലും നിര്‍മിക്കപ്പെടുന്നതാണ് എന്നു സംശയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. അത്തരം സംശയങ്ങളില്‍ സത്യം ഉണ്ടാകരുതേ എന്നാഗ്രഹിക്കുന്നുവെങ്കിലും അസത്യമാണ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്ത നിരവധി ഉദാഹരണങ്ങളുമുണ്ട്. സാമ്പത്തികമോ, രാഷ്ട്രീയമോ, മത-സാമുദായിക താല്‍പര്യങ്ങളോ ഉള്‍പ്പെടുത്തി കൃത്യമായ അജണ്ടയോടു കൂടി വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്ന കാലമാണിതെന്ന് ചിലപ്പോഴെങ്കിലും വ്യക്തമായിട്ടുണ്ട്. വാര്‍ത്തകള്‍ നിര്‍മിക്കുന്ന അന്താരാഷ്ട്ര തലത്തില്‍ ഉന്നതരായ കോര്‍പ്പറേറ്റുകളും മാധ്യമ ഭീകരന്മാര്‍ മുതല്‍ ഇങ്ങേയറ്റത്ത് കോളം സെന്റീമീറ്റര്‍ കണക്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകളുടെ പ്രതിഫലം വാങ്ങുന്ന ഏറ്റവും താഴെ തട്ടില്‍ നില്‍ക്കുന്ന പ്രാദേശിക ലേഖകര്‍ വരെ ഒരുപോലെ ഇത്തരം താല്‍പര്യങ്ങളുടെ പ്രതിനിധികളാണ്. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരില്‍ ഇത്തരം കാര്യങ്ങള്‍ പതിവായി നിരീക്ഷിച്ചതില്‍ നിന്ന് വ്യക്തമായ ഒരു കാര്യം ചില മേഖലകളില്‍ നിന്നു വരുന്ന വാര്‍ത്തകള്‍, അത് ചെറുതോ വലുതോ ആകട്ടെ ആ വാര്‍ത്തയ്ക്ക് ഒരു സംഘാടക സമിതി ഉണ്ടാകും. വാര്‍ത്ത നിര്‍ബന്ധമായും പത്രസമ്മേളനത്തില്‍ പറഞ്ഞതുമായിരിക്കും. പാരീസിലെ ഭീകരാക്രമണത്തില്‍ തോപ്രാംകുടി പ്രവാസി അസോസിയേഷന്‍ ഞെട്ടല്‍ പ്രകടിപ്പിക്കുന്നത് പത്ര സമ്മേളനത്തില്‍ തന്നെയാകും. അതുറപ്പാണ്. ഇല്ലെങ്കില്‍ ആ വാര്‍ത്തയും ഭീകരാക്രമണത്തിന് വിധേയമാകും.
അറിയാനും അറിയിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെ ഏതോ നിക്ഷിപ്ത താല്‍പര്യത്താല്‍ തടഞ്ഞുവെക്കപ്പെടുകയാണ്. വാര്‍ത്തകള്‍ പ്രസ്‌ക്ലബ്ബുകളെ തേടി വരാന്‍മാത്രമുള്ളതാണോ? അതോ വാര്‍ത്തകളെ തേടി അങ്ങോട്ട് ചെല്ലുന്ന മാധ്യമ സംസ്‌കാരം മണ്‍മറഞ്ഞു പോയോ?
ഗള്‍ഫ് മേഖല പ്രവാസികളുടെയും തദ്ദേശീയരുടേയും വൈവിധ്യപൂര്‍ണമായ ജീവിതാനുഭങ്ങള്‍ കൊണ്ട് സമൃദ്ധമാണ്. പുറത്ത് വന്നതിനെക്കാളും ഭീകരവും വിസ്മയകരവുമായ എത്രയോ വാര്‍ത്തകള്‍ മരുഭൂമിയിലെ മണല്‍ത്തരികള്‍ പോലെ പരന്നു കിടക്കുന്നു. അറിയപ്പെടാത്ത സത്യങ്ങള്‍.. അറിയപ്പെടേണ്ട സംഭവങ്ങള്‍..വാര്‍ത്തയെഴുത്ത് ഗള്‍ഫില്‍ പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒഴിവു വേളകളിലെ സൈഡ് ബിസിനസ് മാത്രമാണ്. അതിനെ അങ്ങിനെ മാത്രം സമീപിച്ചാല്‍ വാര്‍ത്ത ഉണ്ടാകില്ല. അങ്ങിനെ വരുമ്പോഴാണ് അത് പതിവു പാകത്തില്‍ പ്രസ്‌ക്ലബ്ബിലെ കൃഷിയിടത്തില്‍ വെച്ചു തന്നെ വിളയിച്ചെടുക്കേണ്ടി വരുന്നത്. 

7 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

വീകെ പറഞ്ഞു...

വാർത്തകൾ സത്യമാണോയെന്നറിയാൻ ഒരു നിവർത്തിയുമില്ല ഇന്ന്. പല ചാനലുകളിൽ നിന്നും ഒരു പക്ഷേ ഒരേകദേശരൂപം കിട്ടിയേക്കാം.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

വാര്‍ത്തകളെ പറയുന്നതു തന്നെ സ്റ്റോറി എന്നല്ലെ.

Cv Thankappan പറഞ്ഞു...

പത്രങ്ങള്‍ അനവധി,അതുപോലെതന്നെ ചാനലുകളും
പത്രങ്ങള്‍ മാറിമാറി വായിക്കുമ്പോഴും,ചാനലുകള്‍ മാറിമാറി കാണുമ്പോഴും ഉണ്ടാകുന്നത് ആകെയൊരു കണ്‍ഫ്യൂഷനാണ്......
ആശംസകള്‍

ajith പറഞ്ഞു...

ഇന്ന് വാര്‍ത്തകളില്ല. സ്റ്റോറി ആണ്.!!

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

'വാർത്തകളുടെ പിന്നാമ്പുറം ' നൂറാമത്തെ പോസ്റ്റിനു ഉചിതമായത് തന്നെ .... :)

jyo.mds പറഞ്ഞു...

ആദ്യമായി നൂറാമത്തെ പോസ്റ്റിനു ആശംസകള്‍.വാര്‍ത്തകളില്‍ സത്യസന്ധത എത്രയുണ്ട്ന്ന് പറയാന്‍ കഴിയില്ലെങ്കിലും,എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായി എന്നത് ഈ സാങ്കേതിക വളര്‍ച്ചയുടെ നേട്ടമായി.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അറിയാനും അറിയിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെ ഏതോ നിക്ഷിപ്ത താല്‍പര്യത്താല്‍ തടഞ്ഞുവെക്കപ്പെടുകയാണ്. വാര്‍ത്തകള്‍ പ്രസ്‌ക്ലബ്ബുകളെ തേടി വരാന്‍മാത്രമുള്ളതാണോ? അതോ വാര്‍ത്തകളെ തേടി അങ്ങോട്ട് ചെല്ലുന്ന മാധ്യമ സംസ്‌കാരം മണ്‍മറഞ്ഞു പോയിരിക്കുകയാണ് ഇപ്പോൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍