2015, മേയ് 31, ഞായറാഴ്‌ച

ബംഗാളിൽ ഒരു ജീവിതം ... മലയാളി മറന്നുപോയ വിക്രമന്‍ നായര്‍


രമേശ് അരൂര്‍

ബംഗാളിലെ മലയാളി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന
വിക്രമന്‍ നായരുടെ ചരമ വാര്‍ഷികദിനം ഇന്ന്. (May-31)
------------------------------------------------------------------

വിക്രമന്‍ നായര്‍
 തൊഴിലും മികച്ച വേതനവും തേടി കൂട്ടത്തോടെ കേരളത്തിലേക്കു വരുന്ന ബംഗാളികളും അവരുടെ ജീവിതവുമൊക്കെ മലയാളികള്‍ക്കിടയില്‍ ഇന്ന് വലിയ ചര്‍ച്ചാ വിഷയമാണ്. ബംഗാളില്‍ നിന്നു വന്നവര്‍ എല്ലുമുറിയെ പണിയെടുത്ത്, പാന്‍പരാഗും, പീടയും ചവച്ചുതുപ്പി, ബംഗാളിയില്‍ ഉറക്കെ വര്‍ത്തമാനം പറഞ്ഞ് ഉണ്ടും ഉറങ്ങിയും ജീവിക്കുന്നു. ആഴ്ചകളോ മാസങ്ങളോ കൂടുമ്പോള്‍ നിറഞ്ഞ പോക്കറ്റുമായി ഹൗറയിലേക്കും ഷാലിമാറിലേക്കുമുള്ള തീവണ്ടികളില്‍ കയറി വീടണയുന്നു. വീണ്ടും പണിയും പണവും തേടി കേരളത്തിലേക്കു തന്നെ മടങ്ങിവരുന്നു. അരനൂറ്റാണ്ടുമുമ്പ് മലയാളികള്‍ ബംഗാളിലേക്കും അസമിലേക്കുമെല്ലാം നടത്തിയ കുടിയേറ്റത്തിന്റെ മറുവശമാണ് കാലചക്രത്തിന്റെ കറക്കത്തിനിടയില്‍ ഇപ്പോള്‍ ദൃശ്യമാകുന്നത്. അമ്പതുകളിലും അറുപതുകളിലും മലയാളക്കരയില്‍ നിന്ന് തൊഴിലും, വിദ്യാഭ്യാസ അവസരങ്ങളും തേടി പതിനായിരക്കണക്കിനു മലയാളികളാണ് ബംഗാളിലേക്കു പോയത്. ദക്ഷിണ കൊല്‍ക്കത്ത മലയാളികളുടെ ഗള്‍ഫ് ആയി അറിയപ്പെട്ടിരുന്നു ഒരുകാലത്ത്. പത്താം ക്ലാസ് കഴിഞ്ഞാല്‍ നേരെ കൊല്‍ക്കത്തയിലേക്കു വണ്ടികയറുന്ന മലയാളി ഒരു തലമുറയുടെ പ്രതീകമായിരുന്നു. അങ്ങനെ വണ്ടികയറിയവര്‍ പലരും പിന്നീട് പലപ്പോഴായി തിരിച്ചുപോന്നു. ചിലര്‍ പതിറ്റാണ്ടുകളോളം അവിടെ പിടിച്ചുനിന്നു. നാട്ടിലെ വേരുകള്‍ പാടെ പിഴുതെറിയപ്പെട്ട മറ്റു ചിലര്‍ ഇപ്പോഴും അവിടെ ചുറ്റിത്തിരിയുന്നു. അവര്‍ ജന്മംകൊണ്ട് മലയാളികളാണെങ്കിലും മനസ്സ് കൊണ്ടും കര്‍മംകൊണ്ടും ജീവിത രീതികള്‍ കൊണ്ടും തനി ബംഗാളികളായി മാറിയവര്‍. പ്രവാസ ഭൂമിയില്‍ വേറുറപ്പിച്ച ഇത്തരക്കാരില്‍ അപൂര്‍വം ചിലര്‍ ബംഗാളിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ വിസ്മരിക്കപ്പെടാനാവാത്ത സാന്നിധ്യവുമാണ്.
                      ബംഗാളില്‍ ജനിച്ച് ബംഗാളിനുവേണ്ടി ജീവിച്ചു വിടപറഞ്ഞ അനശ്വര പ്രതിഭകള്‍ക്കൊപ്പം ബംഗാളികള്‍ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് ഒരു മലയാളിയെയും ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ആധുനിക ബംഗാളിന്റെ സാഹിത്യ-സാമൂഹിക ചരിത്രത്തില്‍ ഇടംനേടിയ അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ വിക്രമന്‍ നായരാണ് ആ മലയാളി.
ജന്മംകൊണ്ട് മലയാളിയാണെങ്കിലും കര്‍മംകൊണ്ട് ബംഗാളിന്റെ മാനസപുത്രനായി മാറിയ ആലപ്പുഴ അരൂക്കുറ്റി സ്വദേശി വിക്രമന്‍ നായര്‍ ബംഗാളികളുടെ പ്രിയപ്പെട്ട 'ബിക്രോം ദാ'യും, 'നായര്‍ ദാ' യുമൊക്കെയായ ചരിത്രത്തിന് അരനൂറ്റാണ്ടിന്റെ സ്‌നേഹോഷ്മളതയും, പാരസ്പര്യത്തിന്റെ ഇഴയടുപ്പവുമുണ്ട്. വിക്രമന്‍ നായര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഒരു ദശകത്തിലേറെയായെങ്കിലും ബംഗാളികള്‍ അദ്ദേഹത്തെ ഇന്നും ഓര്‍മിക്കുന്നു. അദ്ദേഹത്തിന്റെ പന്ത്രണ്ടാം ചരമ വാര്‍ഷിക ദിനമായ ഇന്ന് (മെയ്-31 ) ബംഗാളിലെങ്ങും അവര്‍ അനുസ്മരണ ദിനങ്ങള്‍ സംഘടിപ്പിക്കുന്നു. സുനില്‍ ഗംഗോപാധ്യായയെയും, മഹാശ്വേതാദേവിയെയും പോലുള്ള പ്രമുഖ ബംഗാളി എഴുത്തുകാരും ഗൗതം ഘോഷിനെപ്പോലുള്ള ചലച്ചിത്ര പ്രതിഭകളും വിക്രമന്‍ നായരെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇക്കുറിയും ബംഗാളിലെ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ നാന്ദിമുഖ് സന്‍സദ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ കൊല്‍ക്കത്തയില്‍ ഇന്ന് വിക്രമന്‍ നായര്‍ അനുസ്മരണ സമ്മേളനം നടക്കും.
വിക്രമന്‍ നായരെക്കുറിച്ച്
 നാന്ദിമുക് സംസദ് പ്രസിദ്ധീകരിച്ച സ്മരണിക
.
                                       മലയാളികള്‍ക്കിടയില്‍ വേണ്ടത്ര അറിയപ്പെടാതെ പോയ പ്രതിഭയായിരുന്നു വിക്രമന്‍ നായര്‍. ബംഗാളി ഭാഷയിലും സാഹിത്യത്തിലും മികച്ച സംഭാവനകള്‍ നല്‍കിയ വിക്രമന്‍ നായര്‍ വളരെ ചെറുപ്പത്തില്‍ തന്നെ നാടുവിട്ട് കൊല്‍ക്കത്തയുടെ മണ്ണില്‍ വേരുറപ്പിക്കുകയായിരുന്നു.
അരൂക്കുറ്റി തെക്കേ വേലിക്കകത്ത് ഗോപാലന്‍ നായര്‍-പൊന്നമ്മ ദമ്പതികളുടെ ഏക മകനായി 1936 ലാണ് വിക്രമന്‍ നായരുടെ ജനനം. അഞ്ചാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ടു. എറണാകുളം മഹാരാജാസില്‍ 1957 ല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസായ വിക്രമന് ബംഗാളിനോടും ബംഗാളി സാഹിത്യത്തോടും വിദ്യാര്‍ഥിയായിരിക്കെ തന്നെ കടുത്ത അഭിനിവേശമായിരുന്നു. ബംഗാളി സാഹിത്യത്തിലെ കുലപതി രബീന്ദ്രനാഥ ടാഗോറിന്റെ രചനകളാണ് ഈ അഭിനിവേശം ആളിക്കത്തിച്ചത്. ഒട്ടേറെ ബംഗാളി രചനകള്‍ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്ന കാലം കൂടിയായിരുന്നു അത്. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത പ്രശസ്ത കവിയും മഹാരാജാസ് കോളേജിലെ അധ്യാപകനുമായിരുന്ന ജി. ശങ്കരക്കുറുപ്പുമായുള്ള വിക്രമന്റെ അടുപ്പം കൊല്‍ക്കത്തയില്‍ ടാഗോറിന്റെ ശാന്തിനികേതനത്തില്‍ പ്രവേശനം നേടുന്നതിനുള്ള വഴി തുറന്നു. ജി. യുടെ ശുപാര്‍ശക്കത്തുമായി ശാന്തിനികേതനില്‍ എത്തിയ വിക്രമന്‍നായര്‍ അവിടെനിന്ന് സ്വര്‍ണമെഡലോടെയാണ് ബി.എ ബിരുദം കരസ്ഥമാക്കിയത്. സിംഗപ്പൂരില്‍ ഉയര്‍ന്ന ജോലിയും വരുമാനവുമുണ്ടായിരുന്ന ഒരമ്മാവന്റെ സഹായമാണ് കൊല്‍ക്കത്തയിലെ പഠനകാലത്ത് തുണയായത്. ഒഴിവുദിനങ്ങളില്‍ വിദൂരസ്ഥങ്ങളായ ബംഗാളി ഗ്രാമങ്ങളിലേക്ക് യാത്രചെയ്യുന്നതായിരുന്നു ഇഷ്ടവിനോദം.
                         നാട്ടിലെ സ്‌കൂള്‍ പഠനകാലത്തു തന്നെ തുടങ്ങിവെച്ച യാത്രകള്‍ ബംഗാളിലെ അറിയപ്പെടാത്ത ഗ്രാമങ്ങളിലേക്കും വ്യാപരിപ്പിക്കുകയായിരുന്നു. രാവിലെ റോഡിലെത്തി ആദ്യമെത്തുന്ന ബസില്‍ കയറി അതിന്റെ ലക്ഷ്യസ്ഥാനം വരെ യാത്ര ചെയ്ത് അവിടെയിറങ്ങി സാധാരണ ആളുകളോട് ഇടപഴകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അങ്ങനെയുള്ള യാത്രകളിലൂടെയാണ് അസമിലേക്കും, ബര്‍മയിലേക്കും, ബംഗ്ലാദേശിലേക്കും,റഷ്യയിലേക്കുമെല്ലാം അദ്ദേഹം എത്തിച്ചേര്‍ന്നതും അവിടത്തെ ഭാഷയും സംസ്‌കൃതിയും ജനജീവിതവുമെല്ലാം ഹൃദിസ്ഥമാക്കിയതും. സന്ദര്‍ശിക്കുന്ന നാടുകളിലെ ഭാഷയും സ്വന്തമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിനോദം. അതിനായി എത്ര കഷ്ടപ്പെടാനും തയ്യാറായിരുന്നു.
ഒരിക്കല്‍ ബംഗാള്‍ അതിര്‍ത്തി ഗ്രാമങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ വിക്രമന്‍ നായരെ ശാന്തവും സ്വച്ഛവുമായ ഒരു പുഴ വല്ലാതെ ആകര്‍ഷിച്ചു. ജന്മനാടായ അരൂക്കുറ്റി- അരൂര്‍ ഗ്രാമങ്ങളുടെ അരക്കെട്ടില്‍ വെള്ളിയരഞ്ഞാണം ചാര്‍ത്തി ഒഴുകുന്ന കൈതപ്പുഴക്കായലിന്റെ മുന്നിലെത്തിയതുപോലെ അദ്ദേഹത്തിന്റെ ഉള്ളം കുളിര്‍ത്തു. വസ്ത്രങ്ങള്‍ ബാഗിലാക്കി ആവേശത്തോടെ ആ ജലാശയത്തിലൂടെ നീന്തി അക്കരെയെത്തിയ വിക്രമന്‍ നായര്‍ അവിടെ കണ്ടുമുട്ടിയ ഗ്രാമീണനോട് കുശലാന്വേഷണം നടത്തിയപ്പോളാണ് നീന്തിക്കയറിയ കര അയല്‍ രാജ്യമായ ബംഗ്ലാദേശാണെന്ന് മനസ്സിലായത്. രാജ്യാന്തര അതിര്‍ത്തി ലംഘിച്ചുള്ള നുഴഞ്ഞുകയറ്റം നിയമ ലംഘനമാണെന്ന് ബോധ്യമുള്ള വിക്രമന്‍നായര്‍ പുഴയിലേക്കു തന്നെ ചാടി തിരികെ നീന്തി ബംഗാളിലെത്തി. ബാല്യകാലത്ത് കൈതപ്പുഴക്കായലിനു കുറുകെ പലവട്ടം നീന്തി മറുകരയിലെത്തി നേടിയ മെയ്‌വഴക്കം കടലും പുഴയും കടന്നുള്ള വിക്രമന്‍ നായരുടെ രാജ്യാന്തര യാത്രകള്‍ക്ക് കുതിപ്പും വേഗതയും നല്‍കിയെന്നു കരുതാം. ഈ യാത്രകളാണ് പില്‍ക്കാലത്ത് ബംഗാളി ഭാഷയിലെ മികച്ച സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളെഴുതാന്‍ വിക്രമന്‍ നായരെ പ്രാപ്തമാക്കിയത്.
ശാന്തിനികേതനത്തിലെ  ബിരുദ പഠനം പൂര്‍ത്തിയാക്കിയത്  സ്വര്‍ണ മെഡലോടെയായിരുന്നെങ്കിലും പട്ടിണി കൂടാതെ ജീവിക്കാന്‍ അതുപോരായിരുന്നു. അലച്ചിലായിരുന്നു പിന്നീട്. അസമിലെ കാച്ചാറിലെത്തി രണ്ടു വര്‍ഷം അധ്യാപകനായി ജോലിചെയ്തു.
               അന്നന്നത്തേക്കുള്ള അപ്പത്തിനും യാത്രകള്‍ക്കും പഠനത്തിനും വേണ്ടിയുള്ള വക ഒപ്പിക്കാനുള്ള ഓട്ടമായിരുന്നു അത്. 1959ല്‍ കൊല്‍ക്കത്തയില്‍ തിരികെയെത്തി ജാതവ്പൂര്‍ സര്‍വ്വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. കുറച്ചുകാലം ദക്ഷിണ കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബര്‍ എഫ്.സി കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്തു. അക്കാലത്തെ കഷ്ട ജീവിതത്തെക്കുറിച്ച്് ശാന്തിനികേതനില്‍ സഹപാഠിയും സുഹൃത്തുമായിരുന്ന പ്രശസ്ത ബംഗാളി ചിത്രകാരനും എഴുത്തുകാരനുമായ മനസിജ് മജുംദാര്‍ വിക്രമന്‍നായരുടെ ബംഗാളി സഞ്ചാര കൃതിയായ 'പശ്ചിം ദിഗന്തെ പ്രദോഷ് കാലേ'(പശ്ചിമ ചക്രവാളത്തില്‍ സന്ധ്യാ നേരത്ത്) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഏറെ തെളിമയോടെ കുറിച്ചിട്ടുണ്ട്. (മാതൃഭൂമി ബുക്‌സ്  ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.)
                   
വിക്രമന്‍ നായര്‍ രചിച്ച
 ബംഗാളി യാത്രാ വിവരണം-
പശ്ചിംദിഗന്തേ പ്രദോഷ് കാലേ...
ഏതു വിഷയത്തെക്കുറിച്ചും സമഗ്രമായ അറിവ് നേടിയിരുന്ന മിടുക്കനായിരുന്നു നായര്‍ എന്നാണ് മജുംദാരുടെ സാക്ഷ്യം. വിക്രമന്‍ നായര്‍ കൊല്‍ക്കത്തയില്‍ എങ്ങിനെയൊക്കെയാണ് പിടിച്ചു നിന്നത് എന്നത് ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. സഞ്ചാരങ്ങളെയും പുസ്തകങ്ങളെയും പ്രണയിച്ച വിക്രമന്‍നായര്‍ സ്വന്തമായി പാര്‍പ്പിടമോ, സ്ഥിരമേല്‍വിലാസമോ, ആസ്തികളോ ഇല്ലാതെയാണ് അരനൂറ്റാണ്ടോളം കൊല്‍ക്കത്തയില്‍ താമസിച്ചത്. പലപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടിയത്. ആകാശത്തിലെ പറവകകളെ പോലെ ഒരു ജീവിതം എന്നു പറയുന്നതാവും ശരി. ഒരു വീടിന്റെ ഗോവണിക്കു കീഴില്‍ തന്റെ പുസ്തകങ്ങളുമായി കുറച്ചുകാലം ഒതുങ്ങിക്കൂടിയ വിക്രമന്‍ നായരുടെ തുച്ഛജീവിതം ഇന്നും മജുംദാരുടെ മനസ്സിലുണ്ട്. മറ്റൊരിക്കല്‍ ചില കുട്ടികളുടെ ട്യൂഷന്‍ ടീച്ചറെന്ന നിലയില്‍ അവരുടെ  വീടുകളുടെ കുടുസ്സുമുറികളില്‍ അതിഥിയായി ജീവിച്ചു.
                                  പിന്നീടാണ് ആനന്ദബസാര്‍ പത്രിക ഗ്രൂപ്പ് പത്രമായ ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡില്‍ സബ് എഡിറ്ററായി ചേര്‍ന്നത്. തുടര്‍ന്ന് ജീവിതാന്ത്യം വരെ ആനന്ദബസാറില്‍ ചീഫ് സബ് എഡിറ്ററായും ദക്ഷിണേന്ത്യന്‍ പ്രതിനിധിയായും സേവനമനുഷ്ഠിച്ചു.
പത്രപ്രവര്‍ത്തകനായിരിക്കെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ പച്ചയായ മനുഷ്യജീവിതങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് അദ്ദേഹം നടത്തിയ അന്വേഷണങ്ങള്‍ നിരവധി സ്‌കൂപ്പുകള്‍ സൃഷ്ടിച്ചു. പരമ്പരാഗത വാര്‍ത്താ നിര്‍മിതികളുടെ മാമൂലുകള്‍ തെറ്റിച്ച് അദ്ദേഹം കണ്ടെത്തിയ വാര്‍ത്തകളും തയ്യാറാക്കിയ ലേഖനങ്ങളും മഹാവിസ്‌ഫോടനങ്ങളായിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം 1986 ല്‍ ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് വിക്രമന്‍ നായരെ തേടിവന്നു.
വിക്രമന്‍ നായരുടെ അരൂക്കുറ്റിയിലെ ജന്മഗൃഹം.
                          പശ്ചിമ ബംഗാളിലും ഇന്ത്യന്‍ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിലും ഒരുകാലത്ത് തീക്കനലായി ജ്വലിച്ച നക്‌സല്‍ബാരിയെക്കുറിച്ച് അദ്ദേഹം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടുകളും അതിലൂടെ ഉയര്‍ത്തിയ ചോദ്യങ്ങളും ഒട്ടേറെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കു വഴിവെച്ചു. തികഞ്ഞ കമ്യൂണിസ്റ്റായിരുന്ന വിക്രമന്‍ നായര്‍ പക്ഷെ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്കു കയറിക്കൂടിയ കളങ്കങ്ങളെക്കുറിച്ചും അപഭ്രംശങ്ങളെക്കുറിച്ചും പതിറ്റാണ്ടുകള്‍ക്കുമുന്നെ ബോധവാനായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സഞ്ചരിച്ച് നടത്തിയ പഠനങ്ങള്‍ക്കുശേഷം അദ്ദേഹം ബംഗാളിയില്‍ എഴുതിയ 'ദുയ് യൂറോപ്യന്‍ ദിന്‍ ലിപി'(രണ്ടു യൂറോപ്പുകളിലെ ദിനസരിക്കുറിപ്പ്) എന്ന ഗ്രന്ഥത്തില്‍ സോവ്യറ്റ് യൂണിയന്റെ പതനത്തെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു. മൂന്നര പതിറ്റാണ്ടോളം കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന പശ്ചിമ ബംഗാള്‍ അധികകാലം ഈ നില തുടരില്ലെന്നും ഇടതു പാര്‍ട്ടികളുടെ പോക്ക് നാശത്തിലേക്കാണെന്നും വിക്രമന്‍ നായരുടെ ലേഖനങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞിരുന്നതായി സുഹൃത്തും മുപ്പതു വര്‍ഷത്തിലധികമായി കൊല്‍ക്കത്തയില്‍ ജീവിക്കുന്നയാളും അവിടുത്തെ മുന്‍ സജീവ സി.പി.എം പ്രവര്‍ത്തകനുമായ രവി പാലൂര്‍ ഓര്‍മിക്കുന്നു.
                       വിക്രമന്‍നായര്‍ എന്ന മലയാളി ബംഗാളി ജനതയുടെ മനസ്സില്‍ ചെലുത്തിയ സ്വാധീനം എത്ര മാത്രം ആഴത്തിലുള്ളതാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തെക്കുറിച്ച് 'നാന്ദിമുഖ് സംസദ്' തയ്യാറാക്കിയ ജീവചരിത്ര പുസ്തകത്തിലെ പ്രമുഖരുടെ ഓര്‍മക്കുറിപ്പുകളും അനുഭവ വിവരണങ്ങളും. 'ഏയ് ബംഗ്ലായ് ഏക് ജീബൊന്‍' (ഈ ബംഗാളില്‍ ഒരു ജീവിതം) എന്ന ആ പുസ്തകത്തില്‍ സുനില്‍ ഗംഗോപാധ്യായ, മഹാശ്വേതാ ദേവി, ശങ്കര്‍ലാല്‍ ഭട്ടാചാര്യ, അമിതാബ് ചൗധരി, മീനാക്ഷി ചതോപാധ്യായ, പാര്‍മിത ശാസ്ത്രി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അത്ഭുതാദരങ്ങളോടെയാണ് പ്രിയങ്കരനായിരുന്ന ബിക്രോം ദായെക്കുറിച്ചുള്ള സ്മരണകള്‍ അയവിറക്കുന്നത്.
                            ദല്‍ഹി മാക്‌സ്മുള്ളര്‍ ഭവനില്‍ വിഖ്യാത ഡോക്യു സിനിമയായ 'സില്‍ക്ക് റൂട്ടി'ന്റെ ആദ്യ പ്രദര്‍ശനം നടന്ന വേളയില്‍ തന്നെയും തന്റെ സിനിമകളെയും ഏറെ സ്വാധീനിച്ച വ്യക്തി നായര്‍ ദായായിരുന്നെന്ന് പ്രമുഖ ബംഗാളി ചലച്ചിത്രകാരനായ ഗൗതം ഘോഷ് അനുസ്മരിക്കുകയുണ്ടായി. സില്‍ക്ക് റൂട്ട് സിനിമയുടെ ആശയം നല്‍കിയത് 'ബിക്രോം ദാ' ആയിരുന്നെന്നും ജീവിച്ചിരുന്നെങ്കില്‍ ഈ സിനിമയെക്കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്നത് അദ്ദേഹത്തിനു മാത്രമായിരിക്കുമെന്നും ഗൗതം അനുസ്മരിച്ചു. ഇന്ത്യ-ചൈന റൂട്ടിലെ ജനങ്ങളും അവരുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയം.
                                 ബംഗാളിയില്‍ രചനകള്‍ നിര്‍വ്വഹിക്കുന്നതിനൊപ്പം മലയാളത്തിലെ പ്രമുഖ സാഹിത്യ കൃതികള്‍ ബംഗാളികള്‍ക്കു പരിചയപ്പെടുത്തിയതും വിക്രമന്‍ നായരാണ്. തകഴിയുടെ നോവലുകളും, എന്‍.വി. കൃഷ്ണവാര്യരുടെ കവിതകളും, എം. സുകുമാരന്റെ കഥകളും ബംഗാളികള്‍ക്കും പ്രിയങ്കരമായത് വിക്രമന്‍നായരുടെ തൂലികയിലൂടെയാണ്. ബംഗാളിലെ എം.ടി. വാസുദേവന്‍ നായര്‍ എന്ന് മലയാളികള്‍ വിശേഷിപ്പിക്കുന്ന സുനില്‍ ഗംഗോപാധ്യായയുടെ നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നതിനിടയിലാണ് 68-ാം വയസ്സില്‍ വിക്രമന്‍ നായര്‍ രോഗബാധിതനായി ജന്മനാട്ടിലേക്കുള്ള അവസാനത്തെ വണ്ടികയറിയത്. 2004 മെയ് 25ന് ഈ ലേഖകന്‍ വിക്രമന്‍ നായരുടെ അരൂക്കുറ്റിയിലെ ജന്മഗൃഹത്തില്‍ ആദ്യമായും അവസാനമായും കാണുമ്പോള്‍ സംസാരിക്കാന്‍ പോലും കഴിയാത്തവിധം അദ്ദേഹം അവശനായിരുന്നു. ലോക സഞ്ചാരം നടത്തി ഒടുവില്‍ വേരുകളിലേക്കുതന്നെ മടങ്ങിവന്ന വിക്രമനെ കാണാന്‍ ബന്ധുക്കളും പഴയ തലമുറയിലെ നാട്ടുകാരും എത്തിയിരുന്നു. ദിവസങ്ങള്‍ മാത്രം ഉയര്‍ന്നുതാണ ആ ശ്വാസം നിലയ്ക്കുംവരെ വിക്രമന്‍ നായരുടെ മഹിമയും, പുകഴും സ്വന്തം നാടും നാട്ടുകാരും അറിഞ്ഞതേയില്ല. എങ്ങോട്ടോ പോയി എങ്ങനെയൊക്കെയോ ജീവിച്ച് മടങ്ങിവന്ന വെറുമൊരാള്‍ മാത്രമായിരുന്നു അവര്‍ക്ക് വിക്രമന്‍ നായര്‍. പക്ഷെ ബിക്രോം ദായുടെ വിയോഗ വാര്‍ത്തയറിഞ്ഞ് പശ്ചിമ ബംഗാള്‍ കണ്ണീര്‍ വാര്‍ക്കുകയായിരുന്നു.
ശാന്തിനികേതനിൽ വിക്രമൻ
നായരുടെ സഹപാഠി
 ആയിരുന്ന
 പ്രശസ്ത ബംഗാളി ചിത്രകാരൻ
 മനസിജ് മജുംദാർ  
                                     മലയാളികളെപ്പോലെ മലയാള മാധ്യമങ്ങള്‍ക്കും വിക്രമന്‍ നായര്‍ സുപരിചിതനായിരുന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2011 സെപ്റ്റംബര്‍ 30 ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വെങ്കിടേശ് രാമകൃഷ്ണന്‍ വിക്രമന്‍ നായരുമായി നടത്തിയ അഭിമുഖം ഒരു 'സഞ്ചാരിയുടെ ചിത്തഭ്രമണം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം 2014 ജൂണ്‍-13-19 ലക്കത്തില്‍ മാതൃഭൂമിയില്‍ തന്നെ കെ.എന്‍. രാമചന്ദ്രന്‍ എഴുതിയ 'സഖാവ് നായര്‍' എന്ന കുറിപ്പുമല്ലാതെ മറ്റൊരിടത്തും അദ്ദേഹം അനുസ്മരിക്കപ്പെട്ടില്ല.
അതുകൊണ്ടാകാം മലയാളി മറന്ന വിക്രമന്‍ നായരുടെ ജീവിത രേഖയുടെ വിശദാംശങ്ങള്‍ അറിയാന്‍ ദശാബ്ദത്തിനിപ്പുറം വീണ്ടും ബംഗാളിലേക്ക് വണ്ടികയറേണ്ടിവരുന്നത്.


7 പേര്‍ അഭിപ്രായം പറഞ്ഞു ഇനി നിങ്ങള്‍ക്കും പറയാം:

ഇഗ്ഗോയ് /iggooy പറഞ്ഞു...

പശ്ചിംദിഗന്തേ പ്രദോഷ് കാലേ പലവട്ടം വായിച്ച് ആവേശപ്പെട്ടിട്ടുണ്ട്.
ഈ കുറിപ്പ് വളരെ നന്നായി

Cv Thankappan പറഞ്ഞു...

എഴുത്തുകാരനും,പത്രപ്രവര്‍ത്തകനുമായിരുന്ന വിക്രമന്‍ നായരെപ്പറ്റിയുള്ള അനുസ്മരണക്കുറിപ്പ് നന്നായി.അദ്ദേഹത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഈ ലേഖനത്തില്‍നിന്ന്‌ മനസ്സിലാക്കാന്‍ കഴിഞ്ഞു..സ്മരണാഞ്ജലികള്‍

Cv Thankappan പറഞ്ഞു...

എഴുത്തുകാരനും,പത്രപ്രവര്‍ത്തകനുമായിരുന്ന വിക്രമന്‍ നായരെപ്പറ്റിയുള്ള അനുസ്മരണക്കുറിപ്പ് നന്നായി.അദ്ദേഹത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഈ ലേഖനത്തില്‍നിന്ന്‌ മനസ്സിലാക്കാന്‍ കഴിഞ്ഞു..സ്മരണാഞ്ജലികള്‍

ajith പറഞ്ഞു...

രമേശിന്റെ വേറൊരു കുറിപ്പില്‍ നിന്നാണ് വിക്രം ദായെപ്പറ്റി ആദ്യമായി കേള്‍ക്കുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ബംഗാളില്‍ ജനിച്ച് ബംഗാളിനുവേണ്ടി ജീവിച്ചു വിടപറഞ്ഞ അനശ്വര പ്രതിഭകള്‍ക്കൊപ്പം ബംഗാളികള്‍ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് ഒരു മലയാളിയെയും ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ആധുനിക ബംഗാളിന്റെ സാഹിത്യ-സാമൂഹിക ചരിത്രത്തില്‍ ഇടംനേടിയ അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ വിക്രമന്‍ നായരാണ് ആ മലയാളി. ജന്മംകൊണ്ട് മലയാളിയാണെങ്കിലും കര്‍മംകൊണ്ട് ബംഗാളിന്റെ മാനസപുത്രനായി മാറിയ ആലപ്പുഴ അരൂക്കുറ്റി സ്വദേശി വിക്രമന്‍ നായര്‍ ബംഗാളികളുടെ പ്രിയപ്പെട്ട 'ബിക്രോം ദാ'യും, 'നായര്‍ ദാ' യുമൊക്കെയായ ചരിത്രത്തിന് അരനൂറ്റാണ്ടിന്റെ സ്‌നേഹോഷ്മളതയും, പാരസ്പര്യത്തിന്റെ ഇഴയടുപ്പവുമുണ്ട്. വിക്രമന്‍ നായര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഒരു ദശകത്തിലേറെയായെങ്കിലും ബംഗാളികള്‍ അദ്ദേഹത്തെ ഇന്നും ഓര്‍മിക്കുന്നു. അദ്ദേഹത്തിന്റെ പന്ത്രണ്ടാം ചരമ വാര്‍ഷിക ദിനമായ ഇന്ന് (മെയ്-31 ) ബംഗാളിലെങ്ങും അവര്‍ അനുസ്മരണ ദിനങ്ങള്‍ സംഘടിപ്പിക്കുന്നു.

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

വിക്രമൻ നായരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലേഖനം സഹായിച്ചു. ആദരാജ്ഞലികൾ ...!

അജ്ഞാതന്‍ പറഞ്ഞു...

അദ്ദേഹത്തിന്‍റെ പശ്ചിംദിഗന്തേ വായിച്ചിട്ടുണ്ട്.
മലയാളം ആഴ്ചപ്പതിപ്പില്‍ ഇക്കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെക്കുറിച്ച്
ഒരു ലേഖനം വന്നിട്ടുണ്ട്.
പശ്ചിംദിഗന്തേയില്‍ യാത്രയില്‍ ഭ്രാന്തുപിടിച്ച ഒരു അവധൂദനെ കാണാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വായനക്കാരുടെ പ്രതികരണങ്ങള്‍