2016, ജൂലൈ 16, ശനിയാഴ്‌ച

ഉറക്കത്തില്‍ മരിക്കുന്ന പ്രവാസി

ഫീസിലേക്കു പോകാനായി അല്‍പം നേരത്തെ വീടുപൂട്ടി പുറത്തിറങ്ങി. സഹപ്രവര്‍ത്തകന്‍ വണ്ടിയുമായി ഇതുവഴി വരാമെന്നേറ്റിട്ടുണ്ട്.

നട്ടുച്ചയാണ്..
പുറത്തിറങ്ങിയപ്പോള്‍ റോഡിലും എതിര്‍വശത്തെ ഫ്‌ളാറ്റിനു മുന്നിലും പതിവില്ലാത്ത ആള്‍ക്കൂട്ടം.

 വെള്ളിയാഴ്ചയായതിനാല്‍ ജുമാ നിസ്‌കാരം കഴിഞ്ഞു പള്ളിയില്‍ നിന്നു വരുന്ന ആളുകളെ സാധാരണ റോഡില്‍ കാണാം.

പക്ഷെ ഇത് അതല്ലെന്നു തോന്നി. പോലീസ് വാഹനങ്ങളുമുണ്ട്. അവിടെ കണ്ട പരിചിതമായ ചില മുഖങ്ങളില്‍ വല്ലാത്ത വേവലാതിയും ആകുലതയും. പതിവായി സാന്‍ഡ് വിച്ച് വാങ്ങുന്ന ബൂഫിയയിലെയും മൊബൈല്‍ ഷോപ്പിലെയും മലയാളികളുമുണ്ട് കൂട്ടത്തില്‍.
അവരോട് കാര്യം തിരക്കി.

മരണമാണ്.

ബൂഫിയയിലെ പണിക്കാരനായ മുഹമ്മദ് ഇന്നലെ രാത്രി അത്താഴം കഴിഞ്ഞ് കൂട്ടുകാരുമായി സൊറപറഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്.
ജുമാ നിസ്‌കാരത്തിനു പള്ളിയില്‍ പോകേണ്ട നേരമായിട്ടും ഉണര്‍ന്നില്ല.

 'ഇതെന്തുറക്കമാണെ'ന്ന് ചോദിച്ച് കൂട്ടുകാര്‍ വിളിച്ചപ്പോളാണ് ഇനി ഉണരാത്ത ഉറക്കത്തിലേക്കാണ് മുഹമ്മദ് പോയതെന്നറിയുന്നത്.
 മണിക്കൂറുകള്‍ക്കു മുമ്പുവരെ കൂടെയുണ്ടായിരുന്ന ഒരാള്‍ ഒന്നും പറയാതെ പോയതിലുള്ള അമ്പരപ്പും ദുഃഖവുമൊക്കെയാണ് അവരുടെ മുഖങ്ങളില്‍.

പോലീസും റെഡ് ക്രസന്റിലെ ഡോക്ടറുമൊക്കെയെത്തി മരണം സ്ഥിരീകരിച്ചു.

അസ്വാഭാവികമായൊന്നുമില്ല. മുഹമ്മദ് പോയതാണ്. ഉറക്കത്തില്‍ തന്നെ.. ആരോ
ടും പറയാതെ...

മുഹമ്മദ് എന്ന പേരുകേട്ടപ്പോള്‍ എനിക്ക് ആളെ മനസിലായില്ല. ആരാണെന്ന് അകത്തുകയറി നോക്കാന്‍ അനുവാദവുമില്ല. പരേതന്റെ അടുത്ത ബന്ധുക്കളെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയാലേ മൃതദേഹം ആശുപത്രിയിലേക്കു മാറ്റൂ.

പേരുകള്‍ അറിയില്ലെങ്കിലും ബൂഫിയയിലെ ഏതാണ്ടെല്ലാ പണിക്കാരെയും എനിക്കറിയാം.

സൗദി അറേബ്യയില്‍ വെച്ച് ഞാന്‍ കൊതിയോടെ കഴിച്ച താമിയ സാന്റ്‌വിച്ചില്‍ മുക്കാല്‍ പങ്കും ഈ ബൂഫിയയിലുള്ളവര്‍ ഉണ്ടാക്കി തന്നതാണ്. അതില്‍ ഒന്നു രണ്ടുപേരോട് തമാശകലര്‍ന്ന കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍ പറയുമായിരുന്നു.

 താമിയയും മുട്ടപ്പൊറോട്ടയും, മുത്തബ്ബാക്കുമെല്ലാം വാങ്ങുന്നതിനായി അറബികള്‍ പോലും ഊഴംകാത്തുനില്‍ക്കുന്നത്ര തിരക്കുള്ള കടയായതിനാലാണ് ഞങ്ങളുടെ കുശലങ്ങള്‍ ചെറുവാക്കുകളില്‍ ഒതുങ്ങിയത്.

അതിലൊരാളോട് എനിക്ക് കൂടുതല്‍ ഇഷ്ടവും അടുപ്പവും തോന്നിയിരുന്നു. കറുത്തുമെലിഞ്ഞ ഒരാള്‍. അതിനു കാരണവുമുണ്ട്.

 നാട്ടില്‍ എനിക്കറിയാവുന്ന ഒരാളുമായി അയാള്‍ക്ക് നല്ല സാദൃശ്യമുണ്ടായിരുന്നു. നാട്ടിലെ പരിചയക്കാരനെ പോലെ ഒരാളെ തീര്‍ത്തും അപരിചിതമായ മറ്റൊരു നാട്ടില്‍ വെച്ചു കണ്ടുമുട്ടുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന ഇഷ്ടം. നാടിനെക്കുറിച്ചും നാട്ടിലുള്ളവരെക്കുറിച്ചും ഓര്‍മപ്പെടുത്തുന്ന ഒരാള്‍.

. അയാളെ ഞാന്‍ ആ ഇഷ്ടത്തോടെയാണ് കണ്ടത്.

അയാളെ നോക്കി ഞാന്‍ ചിരിക്കും. അയാളും ഇത്തിരി മുന്‍തൂക്കമിട്ട് ആ ചിരി തിരികെ തരുമായിരുന്നു. ബൂഫിയയിലെ ക്ലീനിംഗ് ജോലികളായിരുന്നു അയാള്‍ക്ക്. ഒരു നേരവും വെറുതെ നില്‍ക്കുന്നതുകാണില്ല. എപ്പോള്‍ നോക്കിയാലും പണി തന്നെ.

പണിക്കിടയിലും അയാള്‍ ചിരിക്കും. വല്ലപ്പോഴും കടയില്‍ ചെല്ലുന്ന ഞാന്‍ ഇടയ്ക്ക് അയാളോട് തമാശയെന്ന മട്ടില്‍ ചോദിക്കും.

കാണാറില്ലല്ലോ ഇപ്പോള്‍ ടൂറിലാണോ എന്നൊക്കെ.

അയാള്‍ അതുകേട്ട് ചിരിക്കും. ഇവിടത്തന്നെയുണ്ട് നിങ്ങളെയല്ലേ കാണാത്തത്..
നിഷ്‌കളങ്കമായ ആയാളുടെ മറുപടികേട്ട് മറ്റുള്ളവരും ചിരിക്കും. ഇത്രയുമേയുള്ളു.
റോഡില്‍ ആള്‍ക്കൂട്ടം വര്‍ധിക്കുന്നുണ്ടായിരുന്നു. കൂട്ടുകാരന്‍ വരാന്‍ പത്തുമിനിട്ട് കൂടിയുണ്ട്.

മരിച്ചതൊരു മലയാളി ആയതിനാല്‍ പത്രത്തില്‍ ചരമ വാര്‍ത്ത കൊടുക്കുന്നതിനുള്ള വിവരങ്ങള്‍ ആരാഞ്ഞു.

പലരോട് തിരക്കിയപ്പോളാണ് വാര്‍ത്തയില്‍ ചേര്‍ക്കേണ്ട ഓരോ വിവരങ്ങള്‍ കിട്ടിയത്. അതിനിടയില്‍ ജലീല്‍ എന്നയാള്‍ വാട്ട്‌സ് ആപ്പില്‍ നിന്ന് ഒരു ഫോട്ടോ കാണിച്ചു.

 മുഹമ്മദിന്റെ ഫോട്ടോ..

അതെ അയാളാണ്..നാട്ടുകാരനെ ഓര്‍മ്മിപ്പിച്ച് ചിരിക്കുന്ന മരുഭൂമിയിലെ അജ്ഞാതനായ ചങ്ങാതി.

ഉള്ളിലെവിടെയോ ഒരുരുക്കം..

ഏറ്റവും വേണ്ടപ്പെട്ടൊരാള്‍ വേര്‍പെട്ടതുപോലെ.

അവിടെ കൂടിയ എല്ലാവരുടെയും മുഖങ്ങളില്‍ ഉള്ളിലുള്ള അതേ ഉരുക്കം തിളച്ചുമറിയുന്നു.

അതിനിടയില്‍ മുഹമ്മദിന്റെ അനുജന്‍ വന്നു..... അബ്ബാസ്.

മരണവാര്‍ത്തകേട്ടുള്ള വരവാണ്.

പോലീസിനോട് സംസാരിച്ച് അനുവാദം വാങ്ങി അകത്തുചെന്ന് മൃതദേഹം കണ്ട അബ്ബാസ് മടങ്ങിവന്നു.

 അബ്ബാസിനോട് മുഹമ്മദിന്റെ മരണവാര്‍ത്തയില്‍ കൂട്ടിചേര്‍ക്കാനുള്ള വിവരങ്ങള്‍ തേടി.

വര്‍ഷങ്ങളായി മുഹമ്മദ് പ്രവാസഭൂമിയിലാണ്.

അഞ്ചുകൊല്ലമായി ഫൈസലിയയിലെ ബൂഫിയയില്‍ പണിക്കാരനായിട്ട്. 43 വയസ് പ്രായം. വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ്.

 മുഹമ്മദിന്റെ മൂന്നാമത്തെ കുട്ടിയുടെ പേര് അബ്ബാസ് എത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും പറയാന്‍ കഴിയാതെ വിതുമ്പി.

ജ്യേഷ്ഠന്റെ പെട്ടെന്നുള്ള മരണവാര്‍ത്ത അബ്ബാസിനെ അത്രമേല്‍ ഉലച്ചുകളഞ്ഞുവെന്നു തോന്നി.

അയാള്‍ ആ വേദനയിലും ജ്യേഷ്ഠന്റെ മകളുടെ പേര് മറന്നുപോയതോര്‍ത്ത് ക്ഷമ പറഞ്ഞു.

മുഹമ്മദ് അടുത്ത മാസം നാട്ടിലേക്ക് പോകാന്‍ ഒരുക്കം തുടങ്ങിയിരിക്കുകയായിരുന്നു. അതിനിടയില്‍ മുഹമ്മദിന്റെ ഫോണ്‍ അകത്തുനിന്ന് ആരോ കൊണ്ടുവന്നു. ആരൊക്കെയോ വിളിച്ച കോളുകള്‍ മറുപടിയില്ലാതെ കിടന്നിരുന്നു. പതിവു വിളികള്‍ കാണാതായപ്പോള്‍ നാട്ടില്‍ നിന്നെത്തിയ ആശങ്കകളാകാം ആ കോളുകള്‍.

അതില്‍ സേവ് ചെയ്തിരുന്ന കുടുംബ ചിത്രം കണ്ട് അബ്ബാസ് കണ്ണു തുടച്ചു.

മരുഭൂമിയിലെ പ്രയാസങ്ങള്‍ക്കിടയില്‍ പ്രവാസിയുടെ പിടിവള്ളിയാണ് അവന്റെ കുടുംബ ചിത്രം.

 ദുഃഖങ്ങളുടെ ചൂടില്‍ വെന്തുരുകി തളരുമ്പോള്‍ ഉള്ളില്‍ തണുപ്പേകുന്നത് അകലെയുള്ള പ്രിയപ്പെട്ടവരുടെ ഓര്‍മ്മയാണ്.

 മുഹമ്മദിനെ മരുഭൂമിയില്‍ തളരാതെ പിടിച്ചു നിര്‍ത്തിയതും ആ കുടുംബ ചിത്രമായിരുന്നിരിക്കണം. അതില്‍ നിന്ന് മുഹമ്മദിന്റെ ചിത്രം മാത്രം മൊബൈല്‍ ഫോണിലെ ഫോട്ടോ എഡിറ്ററില്‍ വെട്ടിമാറ്റി അയാള്‍ എന്റെ ഫോണിലേക്ക് പകര്‍ന്നുതന്നു.

കൊടും വെയിലില്‍ എല്ലാവരും എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്.

നാട്ടിലേക്ക് വിവരം പോയ്കാണും..

വീടു കരകയറ്റാന്‍ മരുഭൂമിയിലേക്കു വന്ന മുഹമ്മദ്  ഇനിയില്ല.

ചിലപ്പോള്‍ മയ്യിത്ത് പോലും ഉമ്മയ്ക്കും മക്കള്‍ക്കും ഭാര്യയ്ക്കും കാണാന്‍ കഴിഞ്ഞെന്നു വരില്ല. പുണ്യഭൂമിയിലെ ഖബറിടമായിരിക്കും മുഹമ്മദിനെ സ്വര്‍ഗത്തിലേക്കു സ്വീകരിക്കാന്‍ കാത്തുകിടക്കുന്നത്.

പത്രത്തിലെ ചരമ പേജിലേക്ക് ദിനവും വരാറുണ്ട് ഇത്തരം വാര്‍ത്തകള്‍.

 ഉറക്കത്തില്‍ മരിച്ചു..

ജിസാനില്‍, ജിദ്ദയില്‍, റിയാദില്‍, ദമാമില്‍... യാംബുവില്‍..

മുഹമ്മദിന്റെ ഊഴമായിരുന്നു ഇന്നലെ..
അതിനുമുമ്പ് വേറെ ആരൊക്കെയോ.
 പക്ഷെ ഒന്നു കൃത്യമായിരുന്നു. അവരെല്ലാവരും പ്രവാസികളായിരുന്നു.

 പ്രയാസങ്ങളിലൂടെ ദിനരാത്രങ്ങള്‍ തള്ളിനീക്കിയ വെറും പ്രവാസികള്‍..

ഓരോ പ്രവാസിയും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആശങ്കയോടെ സ്വയം ചോദിക്കുന്നത് നാളെ പുലരുന്നതുകാണാനാവുമോ എന്നാണ്..

സത്യമാണ്..

ഞാനും എന്നോട് നിത്യവും ചോദിക്കുന്നത് ഇതൊക്കെതന്നെയാണ്..

2016, മാർച്ച് 12, ശനിയാഴ്‌ച

മല്ലയ്യന്‍ മുതലാളിയുടെ തിരോധാനവും കാളകൂടം ലേഖകന്റെ നിഗമനങ്ങളും


രമേശ് അരൂര്‍
Click on the Picture to see the original sizeല്ലയ്യന്‍ മൊതലാളിയുടെ തിരോധാനത്തെക്കുറിച്ച് ഞങ്ങളുടെ 'കാളകൂടം' പത്രത്തിന്റെ കുറ്റാന്വേഷണ ലേഖകന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചില ഭയങ്കരമായ നിഗമനങ്ങളുണ്ട്.

അത് കേരള സമൂഹത്തെയും ഇന്ത്യാ മഹാരാജ്യത്തെയും ഞെട്ടിക്കാന്‍ പോരുന്നതും രാജ്യത്താകമാനം ചില സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വലിയ കോലാഹലങ്ങള്‍ക്കും തദ്വാരാ രാഷ്ട്രീയമാറ്റത്തിനും ഹേതുവായി ത്തീരുന്നതുമാണെന്ന് ശങ്കിക്കുന്നു. ആകയാല്‍ മേല്‍പ്പടി വാര്‍ത്ത പ്രസിദ്ധീകരിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച് പത്രാധിപ സമിതിയില്‍ കടുത്ത അഭിപ്രായ ഭിന്നതയുണ്ട്.

 ഞങ്ങളുടെ ലേഖകന്റെ പ്രധാന കണ്ടുപിടിത്തം എന്നാന്നു വെച്ചാല്‍ മല്ലയ്യന്‍ മുതലാളി നാടുവിട്ടത് മാഞ്ഞാണം പഞ്ചായത്തു പ്രസിഡന്റ് ലോനപ്പന്റെ ഒത്താശയോടു കൂടിയാണെന്നും 9000 കോടിയുടെ 'ഇടവാട്' ആക കൊണ്ട് അതില്‍ കൊറച്ച് കാശ് കൈമടക്കായി പൊട്ടിച്ചാല്‍ അതീവ രഹസ്യമായി രായ്ക്കുരാമാനം നാടുവിടാന്‍ മാഞ്ഞാണം പഞ്ചായത്ത് ഭരണ സമിതി മല്ലയ്യന്‍ മൊതലാളിയെ സഹായിക്കാമെന്നും ഉറപ്പു നല്‍കിയിരുന്നത്രെ.

അടുത്തിടെ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ഉദ്ഘാടിച്ച കണ്ണൂരിക്കല്‍ വിമാനത്താവളം വഴിയാണ് മല്ലയ്യന്‍ മൊതലാളി ചെക്കിങ്ങും, ക്ലിയറിംങ്ങും ഒന്നുമില്ലാതെ ലണ്ടനിലേക്കു പോയതെന്നും ഞങ്ങളുടെ ലേഖകന്‍ കണ്ടെത്തിയിരിക്കുന്നു. അയാള്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കും വിധമാണ്:

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മാഞ്ഞാളം പഞ്ചായത്തിലെ കണ്ണൂരിക്കല്‍ പാടശേഖരം നികത്തി അതിലൂടെ താവളം പണിത് വിമാനവും റോക്കറ്റുമൊക്കെ വിടാമെന്ന് പ്രസിഡന്റും കൂട്ടരും വാഗ്ദാനം ചെയ്തിരുന്നുവത്രെ. പക്ഷെ ഭരണ കാലാവധി കഴിയാറായിട്ടും താവളം പണി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്ത് കമ്മിറ്റിക്ക് കഴിഞ്ഞില്ല. അങ്ങനെ വിഷമിച്ചിരിക്കെയാണ് മല്ലയ്യന്‍ മൊതലാളി പ്രസിഡന്റിനും കൂട്ടര്‍ക്കും ഉപായം പറഞ്ഞു കൊടുത്തത്. കണ്ണൂരിക്കലെ പാടശേഖരത്ത് കുറച്ച് പൂഴിയടിച്ച് കമ്പീം കട്ടേം ഇറക്കി വിമാനത്താവളം പണിഞ്ഞെന്നു പറഞ്ഞ് ഉദ്ഘാടനം ചെയ്താല്‍ ഒരു വെടിക്ക് രണ്ടു മൂന്ന് പക്ഷികള്‍ വീഴുമത്രെ. കേരള സര്‍ക്കാരും, കേന്ദ്രവും ഒക്കെ അറിഞ്ഞും കൊണ്ടുള്ള എടവാട് ആകയാല്‍ വിമാനത്താവളത്തിന് അംഗീകാരവും കിട്ടും. ബാങ്കുകളില്‍ നിന്ന് കടമെടുത്ത് മൊതലാളി വിമാനങ്ങള്‍ പറത്തിയും കള്ളു കമ്പനി നടത്തിയും പൊടിച്ച കാശ് ഒരു ഒമ്പതിനായിരം കോടി ഇപ്പോള്‍ പലിശയും കൂട്ടുപലിശയും ചേര്‍ന്ന് മുടങ്ങി കിടക്കുകയാണത്രേ.

 പലവിധ ഉപായങ്ങളും ഒഴിവുകഴിവുകളും പറഞ്ഞ മൊതലാളി ആ കാശടക്കാതെ തായം കളിച്ചു നടക്കുകയായിരുന്നു ഇതുവരെ. കഴിഞ്ഞ ഗവര്‍മെണ്ടിലെ മന്ത്രിമാരും എം.പിമാരുമെല്ലാം മൊതലാളീടെ കാശ് എളവു ചെയ്തു കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയമൊക്കെ പാസാക്കിയതാണ്. പക്ഷെ ചെല ലക്ഷണം കെട്ടവന്മാര് പാര്‍ലമെന്റിലും നാട്ടിലുമൊക്കെ നടന്ന് അതൊന്നും പറ്റൂലെന്ന് പറഞ്ഞ്
കൊടി പിടിച്ച് അലമ്പുണ്ടാക്കി. നാട്ടില്‍ മുതലാളിമാര് നന്നാകുന്നത് അല്ലെങ്കിലും അവന്മാര്‍ക്ക് ചതുര്‍ഥിയാണല്ലോ.
പ്രവാസികാര്യ വകുപ്പിലെ മന്ത്രികൂടി പറഞ്ഞിട്ടും മല്ലയ്യന്‍ മൊതലാളീടെ ഏനക്കേട് മാറീല്ല. ഇപ്പോഴത്തെ കേന്ദ്രക്കാരും മൊതലാളിയെ സഹായിക്കാന്ന് ഉറപ്പ് പറഞ്ഞിരുന്നു. മൊതലാളി നാടുവിട്ടു മുങ്ങും വരെ അക്കാര്യം ആരോടും മിണ്ടൂല്ലെന്നായിരുന്നു അവരുടെ ഉറപ്പ്. പക്ഷെ പറ്റിയ വിമാനത്താവളം മല്ലയ്യന്‍ തന്നെ കണ്ടു പിടിക്കണമത്രെ. അങ്ങിനെയിരിക്കുമ്പോളാ മാഞ്ഞാളം പഞ്ചായത്തില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് പ്രമാണിച്ച് നെരത്തി നെരത്തി കല്ലിട്ടുവെച്ചിരിക്കുന്ന ഭയങ്കരമാന പദ്ധതികളെല്ലാം പ്രസിഡന്റും കൂട്ടരും ഉദ്ഘാടിക്കാന്‍ തീരുമാനിച്ച വിവരം ടെലിവിഷനായ ടെലിവിഷന്‍ മുഴുവന്‍ വന്ന പരസ്യത്തിലൂടെ മൊതലാളി അറിഞ്ഞത്.

മൊതലാളിക്ക് സ്വന്തമായി വിമാനം ഉള്ളതുകൊണ്ട് മാഞ്ഞാളം പഞ്ചായത്തിലെ കണ്ണൂരിക്കല്‍ പാടത്ത് പൂഴിനിരത്തിയ പറമ്പില്‍ വിമാനം ഇറക്കിതരാമെന്നും അത് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്താല്‍ വിമാനത്താവളം ആയി പ്രഖ്യാപിക്കപ്പെടുമെന്നും അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ തന്നെ പ്രശസ്തനായി മാറിയ പ്രസിഡന്റിന്റെ പേര് വീണ്ടും വാഴ്ത്തപ്പെടുമെന്നും മല്ലയ്യന്‍ മൊതലാളി പറഞ്ഞത്രെ. ഒരു പക്ഷെ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും വികസനത്തിനുള്ള അടുത്ത 'നോവല്‍' സമ്മാനം (ചില രാജ്യങ്ങളില്‍ നോകല്‍ എന്നും പറയും) പ്രസിഡന്റിനു തന്നെ കിട്ടിയേക്കുമെന്നും ലണ്ടനില്‍ ചെല്ലുന്ന പാടെ അതിനു വേണ്ട പരിശ്രമം ചെയ്യാമെന്നും മല്ലയ്യന്‍ മൊതലാളി ഉറപ്പുനല്‍കി.

സംഗതി നടന്നാല്‍ തന്റെ തലയിലെ കിരീടത്തിന് അതൊരു പൊന്‍ തൂവലാണെന്ന് മനസ്സിലാക്കിയെങ്കിലും പ്രസിഡന്റ് ലോനപ്പന്‍ അത്ര പെട്ടെന്ന് മല്ലയ്യന്‍ മൊതലാളിയുടെ സോപ്പില്‍ പതഞ്ഞില്ല. രൂപ ഒന്നും രണ്ടുമല്ല;  ഒമ്പതിനായിരം കോടിയാ ബാങ്കുകാരെ പറ്റിച്ചോണ്ട് മൊതലാളി മുങ്ങാന്‍ പോകുന്നത്. അതില്‍ കൊറച്ച്, ഒരു പത്തു ശതമാനമെങ്കിലും കിട്ടിയാല്‍ സംഗതി ഏറ്റെന്നും ഇഷ്ടമുണ്ടായിട്ടല്ല; ശീലം അതായിപ്പോയതു കൊണ്ടാ എന്നും പറഞ്ഞ് പ്രസിഡന്റ് തലയില്‍ കൈവെച്ച് ഒരിക്കലും ചീകാത്ത മുടികള്‍ക്കിടയില്‍ കിട്ടാത്ത പേനുകളെ തെരഞ്ഞു. മറ്റു വഴികള്‍ ഇല്ലാത്തതുകൊണ്ടും കിട്ടിയ തക്കത്തിന് മുങ്ങിക്കോളാന്‍ മുകളിലെ ലവന്മാര് മുന്നറിയിപ്പു തന്നതുകൊണ്ടും മുതലാളി അതങ്ങ് സമ്മതിക്കുകയായിരുന്നുവത്രെ.

അങ്ങനെ പൂഴിവിതറിയ കണ്ണൂരിക്കല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പഞ്ചായത്തു പ്രസിഡന്റിന്റെയും ഉലകം ചുറ്റും വാലിബന്റെയും മൗനാനുവാദത്തോടെ മല്ലയ്യന്‍ മൊതലാളി ലണ്ടനിലേക്ക് പറന്നുവെന്നു പറഞ്ഞു കൊണ്ടാണ് ലേഖകന്‍ റിപ്പോര്‍ട്ട് ഉപസംഹരിച്ചിരിക്കുന്നത്.
സാഹചര്യത്തെളിവുകള്‍ വെച്ച് ഈ വാര്‍ത്ത ശരിയാണ് എന്നു തോന്നുമെങ്കിലും നമ്മുടെ കാളകൂടം പത്രത്തിന്റെ ഇത:പര്യന്തമുള്ള സത്യസന്ധതയും ജനവിശ്വാസവും കണക്കിലെടുത്ത് ഈ വാര്‍ത്തയില്‍ എത്രമാത്രം സത്യമുണ്ടാകും എന്നതാണ് പത്രാധിപ സമിതിയിലെ ഒരു വിഭാഗം ചോദിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമമായി ഒരു തീരുമാനത്തിലെത്താന്‍ കഴിയായ്ക കൊണ്ട് വായനക്കാരുടെ അഭിപ്രായത്തിനായി വിടാനാണ് ഒടുവില്‍ പത്രാധിപ സമിതി തീരുമാനിച്ചത്. വാര്‍ത്തയുടെ വിവിധ തരത്തിലുള്ള നില്‍പ്പ്, ഇരിപ്പ്, കിടപ്പ് വശങ്ങള്‍ പരിശോധിച്ച് വായനക്കാര്‍ തന്നെ ഇക്കാര്യത്തില്‍ അഭിപ്രായിക്കട്ടെ എന്നതാണ് മുഖ്യപത്രാധിപര്‍ എന്ന നിലയില്‍ എന്റെയും നിലപാട്.